കണക്കുകളില്‍ അവ്യക്തത; ബജറ്റ് രാഷ്ട്രീയ പ്രസംഗമായിരുന്നെന്ന് വി.ഡി സതീശന്‍
Kerala Budget 2021
കണക്കുകളില്‍ അവ്യക്തത; ബജറ്റ് രാഷ്ട്രീയ പ്രസംഗമായിരുന്നെന്ന് വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 1:02 pm

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയ പ്രസംഗം നടത്തി ബജറ്റിന്റെ പവിത്രത തകര്‍ക്കന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ശരിയായ രാഷ്ട്രീയപ്രസംഗമാണ് ബജറ്റിന്റെ ആദ്യഭാഗം. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേ. കുടിശിക കൊടുത്തുതീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജാകും.’ പ്രതിപക്ഷ നേതാവ് ചോദിച്ചു.

21,715 കോടി അധിക ചെലവ് ആകുമായിരുന്നു. ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്.
കരാര്‍ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.

ഇതില്‍ 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

കൊവിഡ് വാക്സീന്‍ നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി എത്രയും പെട്ടന്ന് ഗവേഷണം ആരംഭിക്കുന്നതിനായി 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാനായി 1000 കോടി നീക്കിവെയ്ക്കുമെന്നും 500 കോടി രൂപ അനുബന്ധമായി നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായെന്നും വാക്സിന്‍ കയറ്റുമതിയില്‍ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.

കൊവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധി തടയാനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ടി 50 കോടി അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGLIGTS : Opposition leader VD Satheesan criticized the first budget presented by Finance Minister KN Balagopal