തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഹര്‍ത്താല്‍ നേരിടാന്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
അക്രമ സംഭവങ്ങള്‍ നേരിടാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. പൊലീസിന്റെ അസാന്നിധ്യം ആശ്ചര്യപ്പെടുത്തി. മുഖ്യമന്ത്രി ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞില്ല. അക്രമത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിയുടെത് ഇരട്ടത്താപ്പാണ്.
ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഒരു വര്‍ഗീയതയെയും എതിര്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അക്രമ ഹര്‍ത്താലിനെ എതിര്‍ക്കുന്നുവെന്നും, പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്നും സതീശന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. 15 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ പി.എഫ്.ഐ നേതാക്കള്‍ അറസ്റ്റിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പി.എഫ്.ഐ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 237 പേരെയാണ് അറസ്റ്റ് ചെയ്യ്തതെന്നും 384 പേരെ കരുതല്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
ഹര്‍ത്താലിനിടെയുണ്ടായ വ്യാപകമായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് 70 കെ.എസ്.ആര്‍.ടി.സി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്.
അതേസമയം, ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് എന്നിവരാണ് ഒളിവില്‍ പോയത്. ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും മറ്റു കേസുകളില്‍ ദേശീയ ഏജന്‍സികളും അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ഒളിവില്‍ പോയതെന്നാണ് വിവരം.