| Tuesday, 5th July 2022, 1:34 pm

എന്തുപറ്റി ഈ സര്‍ക്കാരിന്; കിളി പോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ചിരിച്ചില്ലേ; സജി ചെറിയാന്‍ ഭരണഘടന കണ്ടിട്ടുണ്ടോ: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സജി ചെറിയാന്‍ ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഒരു നിമിഷം പോലും മന്ത്രി അധികാരത്തില്‍ തുടരാന്‍ പാടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ വഴികള്‍ തേടും.

കിളി പറന്ന് പോയവര്‍ മാത്രമേ ഭരണഘടനയെക്കുറിച്ച് ഇങ്ങനെ പറയുകയുള്ളൂവെന്നും സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ നിന്നും മാറ്റാന്‍ വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

”എവിടെ നിന്ന് കിട്ടി അദ്ദേഹത്തിന് ഈ വിവരങ്ങളെല്ലാം. അദ്ദേഹം ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വമെന്താണെന്ന് അദ്ദേഹത്തിനറിയാമോ. എത്ര പവിത്രതയാണ് അതിന് കല്‍പിക്കുന്നതെന്നറിയാമോ.

ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ല, അദ്ദേഹം രാജി വെക്കണം. രാജി വെച്ചില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ നിയമപരമായ വഴികള്‍ തേടും. അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെങ്കില്‍ നിയമത്തിന്റെ വഴി നോക്കും.

കോടതികളെയും ഭരണഘടനാ സംവിധാനങ്ങളെയും മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയല്ലേ. ഭരണഘടനാ ശില്‍പികളെ അപമാനിച്ചിരിക്കുകയല്ലേ. എത്ര മോശമായാണ് പ്രതികരിച്ചത്.

ജനാധിപത്യവും മതേതരത്വവുമൊക്കെ അദ്ദേഹത്തിന് പുച്ഛമാണ്. എവിടെ നിന്നാണ് അദ്ദേഹത്തിന് ഈ വിവരങ്ങളെല്ലാം കിട്ടിയതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.

എന്തുപറ്റി ഈ സര്‍ക്കാരിന്. ഞാന്‍ കഴിഞ്ഞദിവസം പറഞ്ഞത് പോലെ തൊട്ടതെല്ലാം പാളിപ്പോവുകയാണ്, പറയുന്നതെല്ലാം പാളിപ്പോവുകയാണ്. കുറേ ദിവസമായി സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകള്‍ക്കും വിഭ്രാന്തിയും വെപ്രാളവും ഭീതിയുമാണ്.

ബാലന്‍സ് പോയിരിക്കുകയാണ്. കിളി പറന്നുപോയ് എന്ന് ഞാന്‍ കഴിഞ്ഞ് ദിവസം പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. കിളി പറന്ന് പോയവരല്ലേ ഭരണഘടനയെക്കുറിച്ച് ഇങ്ങനെ പറയുകയുള്ളൂ.

ഉറപ്പായും സഭയില്‍ ഈ വിഷയം ഉന്നയിക്കും. സഭ സമ്മേളിച്ച് കൊണ്ടിരിക്കുന്ന സമയമല്ലേ. നാളെയും അവസരമുണ്ടല്ലോ. അതിന് മുമ്പ് അദ്ദേഹം രാജി
വെക്കുമോ എന്ന് നോക്കട്ടെ,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രി സജി ചെറിയാന്റേത് മനപൂര്‍വമുള്ള പ്രതികരണമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും പ്രതിപക്ഷ നേതാവ് മറുപടി പറയുന്നുണ്ട്. ”അല്ലാതെ പിന്നെ എന്താണ്. എന്തിനാണ് ഭരണഘടനയുടെയും അതിന്റെ ശില്‍പികളുടെയും മെക്കിട്ട് കയറുന്നത്.

ഇതൊക്കെ വിഷയങ്ങള്‍ മാറ്റാന്‍ വേണ്ടിയാണ്. ഇനിയിപ്പൊ ഇത് ചര്‍ച്ചയാവുമല്ലൊ. ആദ്യം എ.കെ.ജി സെന്ററിലേക്ക് ബോംബേറ്, രണ്ടാമത് പി.സി. ജോര്‍ജിന്റെ അറസ്റ്റ്, വൈകുന്നേരം പി.സി. ജോര്‍ജ് ജാമ്യം കിട്ടി പുറത്തിറങ്ങി, വെടിക്കെട്ടെല്ലാം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ മൂന്നാമത് ദേ ഇത്.

ഇനിയിപ്പൊ 24 മണിക്കൂറോ 48 മണിക്കൂറോ ഇത് തന്നെയല്ലേ ചര്‍ച്ച ചെയ്യൂ. അപ്പൊ വിഷയം മാറ്റാന്‍ വേണ്ടിയാണിത്. നിങ്ങള്‍ക്കെല്ലാം അറിയാവുന്ന ആ വിഷയം മാറ്റാന്‍ വേണ്ടി മനപൂര്‍വം നടത്തിയ പരാമര്‍ശമാണിത്. പക്ഷെ അതിന് ഭരണഘടനയെ തെരഞ്ഞെടുത്തതും അതിന്റെ ശില്‍പികളെ അവഹേളിച്ചതും ക്രൂരമായിപ്പോയ,” വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജസ്റ്റിസ് കെമാല്‍ പാഷയും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇതുപോലുള്ള വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്നതിനെ കുറിച്ചോര്‍ത്ത് വിലപിക്കാനേ ജനങ്ങള്‍ക്ക് സാധിക്കൂ എന്നും സജി ചെറിയാന് ഒരു നിമിഷം പോലും പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നുമാണ് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത്.

ഒരു കാരണവശാലും ഒരു മന്ത്രി പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. തൊഴിലാളികള്‍ക്ക് ഭരണഘടന യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ലെന്നും പത്തനംതിട്ടയില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളിയില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞിരുന്നു.

”ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യയില്‍ എഴുതിവെച്ചു, അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുകയാണ്.

ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. മുക്കിലും മൂലയിലും കുറച്ച് ഗുണങ്ങളിട്ടിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം. എന്നുവെച്ചാല്‍ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷെ, കൃത്യമായി ആളുകളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനുമാണിത്.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഈ രാജ്യത്ത് വളര്‍ന്നുവരുന്നത്. ഈ പണമെല്ലാം എവിടെ നിന്നാണ്. എട്ട് മണിക്കൂര്‍ ജോലി എന്ന് പറഞ്ഞ് സമരം ചെയ്തിട്ട്, ഇന്ന് നമ്മുടെ നാട്ടില്‍ 12ഉം 16ഉം 18ഉം 20ഉം മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഈ രാജ്യത്തിന്റെ ഭരണഘടന അവര്‍ക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ,” എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

കോടതികളെ വിമര്‍ശിച്ചുകൊണ്ടും പരിപാടിയില്‍ മന്ത്രി സംസാരിച്ചിരുന്നു. ഏതെങ്കിലും തൊഴിലാളി സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുമായി കോടതിയില്‍ എത്തിക്കഴിഞ്ഞാല്‍ മുതലാളികള്‍ക്ക് അനുകൂലമായ സമീപനമാണ് കോടതികളില്‍ നിന്ന് ഉണ്ടാകുന്നതെന്നും തൊഴിലാളികള്‍ക്ക് കോടതികളില്‍ നിന്നും നീതി കിട്ടുന്നില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

Content Highlight: Opposition leader VD Satheesan against minister Saji Cheriyan for his comment on constitution of India

We use cookies to give you the best possible experience. Learn more