തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വൈരാഗ്യ
ബുദ്ധിയോടെയാണ് സോളാര്‍ കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടതെന്നും, തീയില്‍ കാച്ചിയ പൊന്നുപോലെ തങ്ങളുടെ നേതാക്കള്‍ പുറത്തുവന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പൊലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സി.ബി.ഐക്ക് വിട്ടത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ കുടുംബം അനുഭവിച്ച വേദനയും ദുഖവും അപമാനവും എത്രത്തോളമായിരിക്കും. അതിനാര് കണക്ക് പറയും. ആളുകളെ അപമാനിക്കുന്നതിന് വേണ്ടി സി.പി.ഐ.എം നടത്തുന്ന ശ്രമത്തിന്റെ അവസാന കേസായി ഇത് മാറണം.
പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സി.ബി.ഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത്,’ സതീശന്‍ ചോദിച്ചു.
കേരള രാഷ്ട്രീയത്തില്‍ ഇത്തരം വേട്ടയാടലുകള്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കുമാണ് സോളാര്‍ പീഡന കേസില്‍ സി.ബി.ഐ ക്ലീന്‍ ചീറ്റ് നല്‍കിയത്. നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികള്‍ കുറ്റവിമുക്തരായി.
ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലിന്‍ ചീറ്റ് നല്‍കിയത് സംബന്ധിച്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.
സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പീഡന പരാതി ഉയര്‍ന്നുവന്നിരുന്നത്. ആദ്യം ക്രൈംബ്രാഞ്ചായിരുന്നു കേസ് നടത്തിയിരുന്നത്. പീന്നീട് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.