കൊച്ചി: ബി.ജെ.പി ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാജ്യമാകമാനം ക്രൈസ്തവര്‍ക്കെതിരെ ബി.ജെ.പി ആക്രമണം നടത്തുകയാണെന്നും അത് തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ടെന്നും സതീശന്‍ പറഞ്ഞു. ഫാ. ഷൈജു കുര്യന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പി ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ്. ഈ വര്‍ഷം 684 ആക്രമണങ്ങളാണ് ക്രൈസ്തവ സമൂഹത്തിന് നേരെ നടന്നത്. 250ല്‍ പരം ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പൂരില്‍ കത്തിച്ചത്. നൂറുകണക്കിന് ആളുകള്‍ കൊലചെയ്യപ്പെട്ടു. വംശഹത്യ നടന്നു. അവിടെയൊന്നും അവരെ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സംരക്ഷിക്കാനുണ്ടായിരുന്നില്ല.
ഇന്ത്യയിലെ മുഴുവന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന വിരുദ്ധ നിയമമുണ്ടാക്കി പുരോഹിതന്മാരേയും പാസ്റ്റര്‍മാരേയും അതുപോലെ ക്രൈസ്തവ സഭാനേതാക്കളെയും ജയിലിലടക്കുകയാണ്. ക്രിസ്മസ് ആരാധന ക്രമങ്ങള്‍ പോലും തടസപ്പെട്ടു. സ്‌കൂളില്‍ പോലും സാന്താക്ലോസ് വേണ്ടെന്ന് ബി.ജെ.പി സര്‍ക്കാരുകള്‍ ഉത്തരവിടുകയാണ്. ഇത് രാജ്യത്ത് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ബി.ജെ.പിക്കാര്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളായി ക്രൈസ്തവരുടെ വീട്ടിലേക്ക് ചെല്ലുകയാണ്. അത് തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. ഇന്ത്യ മുഴുവന്‍ ക്രൈസ്തവരെ വേട്ടയാടുന്ന പ്രസ്ഥാനമാണ് സംഘപരിവാര്‍.
കര്‍ണാടകയില്‍ മതപരിവര്‍ത്തന നിയമം റദ്ദാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അധികാരത്തിലേറി ഒരാഴ്ചക്കുള്ളില്‍ റദ്ദാക്കി. കോണ്‍ഗ്രസിന് സെക്കുലര്‍ നിലപാടാണ്. കര്‍ണാടകയില്‍ മൃദുഹിന്ദുത്വയല്ല, സെക്കുലര്‍ നിലപാടാണ് ഞങ്ങള്‍ എടുത്തത്,’ സതീശന്‍ പറഞ്ഞു.
Content Highlight: Opposition leader V.D. Satishan said that BJP are wolves in sheep’s clothing