എന്‍.എസ്.എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവരുടെയും വോട്ട് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? വി.ഡി. സതീശന്‍
Kerala News
എന്‍.എസ്.എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവരുടെയും വോട്ട് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th November 2022, 6:53 pm

ദുബായ്: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ എല്ലാ സമുദായത്തോടും വോട്ടു ചോദിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ താന്‍ ജയിച്ചത് ഒരു സമുദായ സംഘടനയുടെയും പിന്തുണയില്ലാതെയാണെന്ന് സതീശന്‍ പറഞ്ഞു.

എന്നാല്‍ സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കില്ലെന്നും അത് രാഷ്ട്രീയ നേതാക്കള്‍ ചെയ്യരുതെന്നുമാണ് താന്‍ പറഞ്ഞതെന്നും സതീശന്‍ വ്യക്തമാക്കി. ദുബായിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇതേ ആരോപണം എന്‍.എസ്.എസ് ഉന്നയിച്ചിരുന്നു. ഒരുകാലത്തും എന്‍.എസ്.എസിനെ തള്ളിപ്പറഞ്ഞിട്ടില്ല. സെക്കുലറിസം എന്നാല്‍, മതനിരാസമല്ല, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തലാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടാ എന്നു പറഞ്ഞിട്ടുണ്ട്. അല്ലാതെ ആരുടെയെങ്കിലും വോട്ട് വേണ്ട എന്ന് താന്‍ പറഞ്ഞിട്ടില്ല,’ സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു സമയത്ത് എല്ലാവരുടെയും വോട്ടു ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? അത് എല്ലാവരും ചെയ്യുന്നതാണ്. നമ്മള്‍ ഒരു സ്ഥലത്ത് പോകുന്നത് അവരോടു അനുവാദം ചോദിച്ച് അവര്‍ അനുവദിച്ചിട്ടാണ്. അല്ലാതെ വാതില്‍ തകര്‍ത്ത് ഒരിടത്തും പോകാറില്ലെന്നും സതീശന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം അടുത്തിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചയാളാണ് സതീശനെന്നും ജയിച്ചപ്പോള്‍ തള്ളിപ്പറഞ്ഞെന്നുമായിരുന്നു ജി. സുകുമാരന്‍ നായരുടെ പ്രസ്താവന.

സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി.ഡി. സതീശന്‍ ആയിരിക്കും. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വി.ഡി സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നുമായിരുന്നു ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്.