'ആങ്ങളമാരെ പോലെ ഞങ്ങള്‍ പ്രതികരിക്കും'; സഹോദരിമാരുടെ മേല്‍ പുരുഷ പൊലീസ് കൈവെച്ചാല്‍ കേരളം മാറുമെന്ന് സതീശന്‍
Kerala News
'ആങ്ങളമാരെ പോലെ ഞങ്ങള്‍ പ്രതികരിക്കും'; സഹോദരിമാരുടെ മേല്‍ പുരുഷ പൊലീസ് കൈവെച്ചാല്‍ കേരളം മാറുമെന്ന് സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th February 2023, 11:20 am

തിരുവനന്തപുരം: ഇനി സ്ത്രീകളുടെ മേല്‍ പുരുഷ പൊലീസ് കൈവെച്ചാല്‍ അന്ന് കേരളം മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മിവ ജോളി എന്ന എറണാകുളത്തെ കെ.എസ്.യു വനിതാ നേതാവിനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബജറ്റിലെ നികുതി വര്‍ധനവിനെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാക്കാലവും പിണറായി വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി. ഇനി അയാള്‍ മുഖ്യമന്ത്രി ആയിരുന്നാലും അധികപ്രസംഗം കാട്ടിയാല്‍, ഞങ്ങളുടെ സഹോദരിമാരുടെ ദേഹത്ത് കൈവെച്ചാല്‍ ആങ്ങളമാരെ പോലെ ഞങ്ങള്‍ പ്രതികരിക്കും. സ്വന്തം സഹോദരിയുടെ മേല്‍ കൈവെച്ചതിനെതിരെ ആങ്ങളമാര്‍ എങ്ങനെയാണ് പ്രതികരിക്കുക, അതുപോല ഞങ്ങള്‍ പ്രതികരിക്കും. സ്ത്രീകളുടെ മേലെ പുരുഷ പൊലീസ് കൈവെച്ചാല്‍ അന്ന് കേരളം മാറും. ഞങ്ങളുടെ സമര രീതിയും മാറും. അതുകൊണ്ട് ഭയപ്പെടുത്താന്‍ വരേണ്ട.

മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ പേടിയുണ്ടെങ്കില്‍, നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി. നാട്ടുകാരെ പേടിപ്പിച്ച് വീട്ടിലിരുത്തുന്നതെന്തിനാണ്. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ. ഇതൊന്നും കേരളത്തില്‍ വെച്ചുപൊറുപ്പിക്കില്ല,’ സതീശന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് രാപ്പകല്‍ സമരം നടന്നത്.

തിങ്കളാഴ്ച വൈകിട്ട് നാല് മണി മുതലാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. നിയമസഭയില്‍ പ്രഖ്യാപിച്ച തുടര്‍സമരത്തിന്റെ ആദ്യഘട്ടമാണിതെന്നാണ് യു.ഡി.എഫ് വാദം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം.