തിരുവനന്തപുരം: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ലെന്നും നരേന്ദ്ര മോദിയും അനുയായികളും ഇപ്പോള്‍ ചെയ്യുന്നത് ചരിത്രത്തെ നിഷേധിക്കലാണെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ചിത്രം പങ്കുവെച്ചായിരുന്നു സതീശന്റെ പ്രതികരണം.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെയെന്ന് ചോദിച്ച സതീശന്‍ താനാണ് എല്ലാം എന്ന് ഒരാള്‍ വിചാരിക്കുന്നതാണ് ഏകാധിപത്യമെന്നും കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തിനുവേണ്ടി എന്ത് പുതുതായി നിര്‍മിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചുകൊണ്ടാവണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെ? ഞാനാണ് എല്ലാം എന്ന് ഒരാള്‍ വിചാരിക്കുന്നതാണ് ഏകാധിപത്യം. എല്ലാ അര്‍ഥത്തിലും അത് ഭീരുത്വമാണ്. എന്നിലൂടെ എല്ലാം സംഭവിച്ചു, ഞാന്‍ മാത്രമാണ് ഇതിനെല്ലാം കാരണഭൂതന്‍ എന്നൊരാള്‍ സ്വയം ധരിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്.
നിര്‍ഭാഗ്യവശാല്‍ നരേന്ദ്ര മോദിയും അനുയായികളും ഇപ്പോള്‍ ചെയ്യുന്നത് ഇതൊക്കെയാണ്. ജനാധിപത്യ സഭകളില്‍ രണ്ട് മഹദ് സാന്നിധ്യങ്ങളെ ഉള്ളൂ..
ഒന്ന് ജനങ്ങള്‍ രണ്ടാമത്തേത് ഭരണഘടന .
പ്രണമിക്കേണ്ടത് അവയ്ക്ക് മുന്നിലാണ്.
സംഘപരിവാറിനോടും ഫാസിസത്തോടും പൊരുതാനും, ഇന്ത്യയുടെ ഉന്നമനത്തിനായി സ്വയം സമര്‍പ്പിക്കാനും ഗാന്ധിയേയും, നെഹ്‌റുവിനേയും അവരുടെ പാതയില്‍ സഞ്ചരിച്ച അസംഖ്യം ദേശസ്‌നേഹികളേയും ഓര്‍ക്കണം. ദേശസ്‌നേഹവും അതിതീവ്ര ദേശീയതയും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുന്നുവെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
‘ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് ഉദ്ഘാടനത്തെ കിരീടധാരണം പോലെ ആഘോഷിക്കുന്നു,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പുതിയ പാര്‍ലമെന്റ് തറക്കല്ലിടല്‍ പരിപാടിയില്‍ നിന്നും അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മാറ്റി നിര്‍ത്തിയെന്നും ഇന്ന് ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മാറ്റി നിര്‍ത്തിയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വിമര്‍ശിച്ചു.