| Saturday, 29th July 2023, 11:53 am

വൈശാഖന്റെ കേസ് പൊലീസിന് കൈമാറണം; സ്ത്രീ അധിക്ഷേപ പരാതികള്‍ പാര്‍ട്ടിയില്‍ ഒതുക്കേണ്ടതില്ല: സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരവുനന്തപുരം: സി.പി.ഐ.എം നേതാവ് വൈശാഖന്റെ പാര്‍ട്ടിയില്‍ നിന്നുള്ള അവധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീകളെ അധിക്ഷേപിച്ചതിന്റെ പേരിലുള്ള പരാതികള്‍ പാര്‍ട്ടിയില്‍ ഒതുക്കി തീര്‍ക്കേണ്ടതല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസ് പൊലീസിന് കൈമാറണം. പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആകേണ്ട. ആലപ്പുഴയിലും തൃശൂരിലും ലഭിച്ചിരിക്കുന്ന പരാതികളില്‍ പാര്‍ട്ടി പരിഹാരം കാണണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റുക, പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തുക എന്നൊക്കെയാണ് സി.പി.ഐ.എം ചെയ്യുന്നത്. നമുക്ക് ഒരു നിയമ സംവിധാനങ്ങള്‍ ഇല്ലേ. പാര്‍ട്ടിക്കാരന്‍ അല്ലാത്തവരാണെങ്കില്‍ കേസ് എടുക്കില്ലേ,’ സതീശന്‍ പറഞ്ഞു.

സി.പി.ഐ.എം- ബി.ജെ.പി നേതാക്കള്‍ നടത്തിയത് കൊലവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കലാപവും സംഘര്‍ഷവും ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ കൊലവിളി നടത്തുന്നത്. എത്ര വലിയ നേതാവായാലും പൊലീസ് നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മനപൂര്‍വമുള്ള കൊലവിളിയാണ് ബി.ജെ.പി നേതാക്കളും സി.പി.ഐ.എം നേതാക്കളും നടത്തിയത്. എത്ര വലിയ നേതാവായാലും ഇവര്‍ക്കെതിരെ കേസെടുക്കണം. ബി.ജെ.പി നേതാവോ സി.പി.ഐ.എം നേതാവോ ആയാല്‍ കേസില്ല.

യു.ഡി.എഫ് നേതാക്കളാണെങ്കില്‍ അപ്പോള്‍ തന്നെ കേസെടുക്കും. ഇരട്ടനീതിയാണിത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും ചെയ്യുന്നത്,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Opposition leader V.D.Sathishan reacted to CPIM leader Vaisakha’s leave from the party

We use cookies to give you the best possible experience. Learn more