തിരുവനന്തപുരം: ഇന്ത്യ ഒരു പൊലീസ് രാജ്യമായെന്നും നരേന്ദ്ര മോദി അതിന്റെ രാജാവാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും കോണ്‍ഗ്രസ് എം.പിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വിഷയത്തിലും പ്രതികരിക്കുകയായിരുന്നു സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.
‘ഇല്ലാത്തൊരു കേസിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചോദ്യം ചെയ്യുന്ന ഇ.ഡി നാടകം ഒരു ഭാഗത്ത്. വിലകയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാരെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഏകാധിപത്യം മറുഭാഗത്ത്. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ ജനപ്രതിനിധികളെ റോഡിലൂടെ വലിച്ചിഴക്കുന്ന ദല്‍ഹി പോലീസിന്റെ കാടത്തം ജനാധിപത്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയാണ്.
മണിക്കൂറുകള്‍ ചോദ്യം ചെയ്താല്‍ സോണിയാ ഗാന്ധി മാനസികമായി തളരുമെന്നും കോണ്‍ഗ്രസ് ഭയക്കുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. വ്യക്തിപരമായും രാഷ്ട്രീയമായും ഇതിലും എത്രയോ വലിയ ആഘാതങ്ങളേയും അരഷിതാവസ്ഥയേയും അതിജീവിച്ചതാണ് സോണിയാ ഗാന്ധി. ഭീഷണിയും അക്രമവും വിലപ്പോകില്ല. ഈ രാഷ്ട്രീയ നെറികേടിനെ സോണിയയും കോണ്‍ഗ്രസും അതിജീവിക്കും. ഫാസിസം മുട്ടുമടക്കും.
ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുക്കും മുന്‍പ് വിജയ് ചൗക്കില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത് സമകാലിക ഇന്ത്യയുടെ നേര്‍ ചിത്രമാണ്,
‘ഇന്ത്യ ഒരു പൊലീസ് രാജ്യമായി. നരേന്ദ്ര മോദിയാണ് അതിന്റെ രാജാവ്,’ സതീശന്‍ പറഞ്ഞു.
അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും എന്നാണ് വിവരം.
നാളത്തെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. സോണിയ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയോട് ചോദിച്ച അതെ വിവരങ്ങളാണ് സോണിയ ഗാന്ധിയോടും തേടിയതെന്നാണ് ഇ.ഡി വ്യത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
CONTENT HIGHLIGHTS: Opposition leader V.D. Satheeshan said that India has become a police state and Narendra Modi is its king