| Monday, 22nd August 2022, 1:57 pm

ഏത് കോട്ടയും പൊളിയും; മട്ടന്നൂരില്‍ ബി.ജെ.പി- എസ്.ഡി.പി.ഐ സഹായം സി.പി.ഐ.എമ്മിന് ലഭിച്ചു, ഇല്ലെങ്കില്‍ കഥ മാറിയേനെ: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയ യു.ഡി.എഫിന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സി.പി.ഐ.എമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും. മട്ടന്നൂരില്‍ എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുള്ള എട്ട് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സീറ്റ് ഇരട്ടിയായി. ഒരു വാര്‍ഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ യു.ഡി.എഫ് നഗരസഭ ഭരിക്കുമായിരുന്നു. ചില സീറ്റുകളില്‍ സി.പി.ഐ.എം-ബി.ജെ.പി ധാരണയും എസ്.ഡി.പി.ഐ സഹായവും ഇല്ലായിരുന്നുവെങ്കില്‍ മട്ടന്നൂരില്‍ കഥ മാറിയേനെയെന്നും സതീശന്‍ പറഞ്ഞു.

‘കേരളത്തിലെ യു.ഡി.എഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂര്‍. മികച്ച ആസൂത്രണവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യു.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നു. ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ സീറ്റ് ഇരട്ടിയാക്കിയ യു.ഡി.എഫ് പോരാളികളെയും മട്ടന്നൂരിലെ ജനാധിപത്യ വിശ്വാസികളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഹൃദയാഭിവാദ്യങ്ങള്‍,’ പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 21ഉം യു.ഡി.എഫ് 14ലും വിജയിച്ചു. ബി.ജെ.പിക്ക് സീറ്റ് ലഭിച്ചിട്ടില്ല. ആറാം തവണയാണ് എല്‍.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു.
യു.ഡി.എഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തിട്ടുണ്ട്.

അതിനിടെ മുന്‍മന്ത്രി ശൈലജ ടീച്ചറുടെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്നിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി ശൈലജ ടീച്ചര്‍ തന്നെ രംഗത്തെത്തി.

തന്റെ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് മൂന്നക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

എന്നിട്ടും യു.ഡി.എഫ് ആണ് മണ്ഡലത്തില്‍ ജയിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തോല്‍വിയിലുള്ള ജാള്യത മറച്ചുപിടിക്കാനുള്ള ശ്രമമാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Opposition leader V.D. Satheesan congratulated the UDF for improving its status in the Mattannur municipal elections.

Latest Stories

We use cookies to give you the best possible experience. Learn more