| Wednesday, 11th January 2023, 12:57 pm

ഒരു വശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ ക്യാമ്പയിന്‍, മറുവശത്ത് പാര്‍ട്ടി കേഡര്‍മാര്‍ ലഹരി മാഫിയകളാകുന്നു: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആലപ്പുഴയിലെ സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറുടെ വാഹനത്തില്‍ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സംസ്ഥാനത്ത് ലഹരിക്കടത്ത് സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാഫിയകള്‍ക്ക് പിന്നിലും സി.പി.ഐ.എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ആലപ്പുഴയിലെ നിരോധിത പാന്‍ മസാലക്കടത്തെന്ന് അദ്ദേഹം ആരോപിച്ചു.

സി.പി.ഐ.എം കൗണ്‍സിലറുടെ വാഹനത്തില്‍ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാന്‍ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഒരു വശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ മറുവശത്ത് പാര്‍ട്ടി നേതാക്കളും കേഡര്‍മാരും ലഹരി മാഫിയകളായി പ്രവര്‍ത്തിക്കുകയാണ്. സി.പി.ഐ.എം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത സഖാക്കളാണ് ലഹരിക്കടത്തിന് പിന്നിലെന്നതിനും നിരവധി സംഭവങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്.
ലഹരി -ഗുണ്ടാ മാഫിയകള്‍ക്ക് പിന്നില്‍ സി.പി.ഐ.എം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബര്‍ ഒമ്പതിന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഒരു മാധ്യമങ്ങളെയും ഉദ്ധരിച്ച് നിയമസഭയില്‍ ഒന്നും പറയാന്‍ പാടില്ലെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.

ആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതിന് നേതൃത്വം നല്‍കിയ ഷാനവാസ് സി.പി.ഐ.എം തണലില്‍ കാലങ്ങളായി ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്ന ആളാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അശ്ലീല വീഡിയോയുമായി മറ്റൊരു നേതാവ് പിടിയിലായതും ആലപ്പുഴയിലാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ലഹരി മാഫികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുന്നത് സി.പി.ഐ.എം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പല തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി മുതല്‍ കേന്ദ്ര കമ്മിറ്റി വരെയുള്ളവര്‍ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടരുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Opposition leader V. D. Satheesan strongly criticized CPIM in In case of seizure of Drunkenness 

We use cookies to give you the best possible experience. Learn more