തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനാധിപത്യ രീതിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നരനായാട്ട് നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ കൂട്ടുനില്‍ക്കുന്നതും ഇതേ പൊലീസാണെന്നും സതീശന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ, എല്ലാ മര്യാദകളും ലംഘിച്ച് നടത്തിയ ജലപീരങ്കി പ്രയോഗത്തില്‍ ഡി.സി.സി അധ്യക്ഷന്‍ പ്രവീണ്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റു. കൈക്കുഴയ്ക്കും നട്ടെല്ലിനും പരിക്കേറ്റ പ്രവീണ്‍കുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു.
തൊടുപുഴയില്‍ പൊലീസ് നരനായാട്ടിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന്റെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന തുടര്‍ ചികിത്സയിലൂടെ മാത്രമേ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുമോയെന്ന് പറയാന്‍ കഴിയൂ എന്നാണ് ഡോഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
സി.പി.ഐ.എം സ്‌പോണ്‍സേഡ് ഗുണ്ടാസംഘമെന്ന നിലയിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴേത്തട്ട് വരെയുള്ള പൊലീസ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന ഉദ്യോഗസ്ഥര്‍ കൈവിട്ട കളിയാണ് ഇപ്പോള്‍ കളിക്കുന്നതെന്ന് മാത്രം ഓര്‍ത്താല്‍ മതി. ലാത്തിയുടെ ബലത്തിലുള്ള ഈ ക്രൂരത കൊണ്ടൊന്നും ഞങ്ങളെ തളര്‍ത്താനാകില്ല,’ സതീശന്‍ പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ഇ.ഡിക്ക് ലഭിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ അനുമതി നല്‍കി.
സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തിലാണ് കോടതി നടപടി. കേസന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൊഴി ആവശ്യപ്പെട്ട് ഇ. ഡി. കോടതിയിയെ സമീപിച്ചിരുന്നു.
CONTENT HIGHLIGHTS: Opposition leader V.D. Satheesan Says valence Police against UDF protests