കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എല്‍.എമാരും ഒരു മാസം കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ലെന്നും സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന് അഞ്ച് വര്‍ഷം ഭരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടില്ലെന്നും സതീശന്‍ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘ഇത് തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. തൃക്കാക്കരയിലെ വിജയം കേരളത്തിലാകെ ആവര്‍ത്തിക്കുന്നതിന് വേണ്ടി സംഘടനാപരമായി കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തും. ഈ ഫലം അതിനുള്ള ഊര്‍ജമാണ്.
തെരഞ്ഞെടുപ്പ് ഫലം മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യവുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്.
‘ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ കാതം പിറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമായാണ് കാണുന്നത്. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു തെരഞ്ഞെടുപ്പ് ജനവിധിയാണെന്ന്. അങ്ങനെയാണെങ്കില്‍ ജനഹിതം മാനിച്ച് നൂറു തികക്കുമെന്ന് പ്രഖ്യാപിച്ച്, എല്ലാ അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്ത് നിയോജക മണ്ഡലത്തില്‍ കുത്തിപ്പിടിച്ചിരുന്ന മുഖ്യമന്ത്രി ജനഹിതം മാനിച്ച് രാജിവെക്കണം,’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.