തിരുവനന്തപുരം: കേരളത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ അടക്കം എസ്.എഫ്.ഐക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതെന്നും നിയമസഭയില്‍ പ്രസംഗിക്കവെ വി.ഡി. സതീശന്‍ പറഞ്ഞു.
എസ്.എഫ്.ഐക്കാരെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്തി പ്രതിക്കൂട്ടിലാണ്. ഞങ്ങളുടെ പെണ്‍മക്കളെ അപമാനിക്കാനും ആക്രമിക്കാനും ശ്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
19 വയസുള്ള ഒരു പെണ്‍കുട്ടിയെ വലിച്ചിഴക്കുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്. ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥികളെയും എസ്.എഫ്.ഐ ആക്രമിക്കുകയുണ്ടായി. കേരളത്തില്‍ ഗുണ്ടകളെ പോലെ പെരുമാറുന്ന ഒരു കൂട്ടം ആളുകള്‍ക്ക് ലൈസന്‍സ് കൊടുക്കുകയാണ് മുഖ്യമന്തി ചെയ്യുന്നത്.
അത് കേരളത്തില്‍ നടക്കില്ല. ഞങ്ങള്‍ രൂക്ഷമായി പ്രതികരിക്കും. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവ് കൊടുത്തിരുന്ന പഴയ പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്നും സതീശന്‍ വ്യക്തമാക്കി.
തിരുവനന്തപുരം ഗവ. ലോ കോളേജില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.