തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാക്കള്‍ പ്രതികളാകില്ലെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പൊലീസ് സര്‍ക്കാര്‍ അറിവോടെ വിവരങ്ങള്‍ മറച്ചുവെക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ പോയത് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കാണ്. ബി.ജെ.പിക്കെതിരെ കൃത്യമായ തെളിവുണ്ട്. കേസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.ഐ.എം-ബി.ജെ.പി. ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ പണം എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി കൊണ്ടുവന്നു എന്നത് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍പ്പണക്കേസില്‍ വിലപേശല്‍ നടത്താനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ സ്വര്‍ണക്കടത്തില്‍ എല്ലാ കേന്ദ്ര ഏജന്‍സികളും കേരളത്തില്‍ അന്വേഷണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമാണ് കുഴല്‍പ്പണക്കേസ് വന്നത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടയുള്ളവര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഒരു സാധാരണ ഹൈവേ റോബറിയായിട്ടാണ് സര്‍ക്കാര്‍ ഈ കേസിനെ പരിഗണിച്ചത്. ഇത് ഇരു സര്‍ക്കാരുകളും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം, കേസില്‍ കുറ്റപത്രം ജൂലൈ 24-ന് സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീടായിരിക്കും ആലോചിക്കുക. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.
കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാക്കളുടെ മൊഴികള്‍ ഉള്‍പ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി. നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ ആരും കേസില്‍ പ്രതിയാകില്ലെന്നാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. ഇ.ഡി. അന്വേഷിക്കേണ്ട വകുപ്പാണിത്.