തിരുവനന്തപുരം: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മതിയായ കാരണങ്ങള്‍ പറയാതെയാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്ത് കാരണത്താല്‍ സംപ്രേഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ട്. അപ്രിയമായ വാര്‍ത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാര്‍ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാകുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്നായിരുന്നു മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കിയത്. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.
നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.
CONTENT HIGHLIGHTS: Opposition leader V.D. Satheesan said the move by the central government to block the broadcast of MediaOne channel was anti-democratic