തിരുവനന്തപുരം: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണെന്നും ഇതാണോ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.
കൊച്ചി നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സംഭവം നടന്നതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പൊലീസ് കൂട്ടബലാത്സംഗത്തെ കുറിച്ച് അറിയുന്നത്.
24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് പറയുന്ന കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. രാത്രിയിലുള്‍പ്പെടെ സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്‌ക്രിയമാകാന്‍ സാധിക്കുന്നത്? ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ല.