| Friday, 28th April 2023, 12:39 pm

വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ട; കേരള സ്റ്റോറി മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിക്കാനുള്ള അജണ്ട: സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘപരിവാറിന് ഒരിക്കലും മനസിലാകില്ലെന്നും വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദഹം പറഞ്ഞു.

‘കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്.

രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.
മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം,’ സതീശന്‍ പറഞ്ഞു.

Content Highlight: Opposition leader V.D. Satheesan said that the film ‘The Kerala Story’ should not be allowed to be screened

We use cookies to give you the best possible experience. Learn more