പാലക്കാട്: കാഫിര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വടകര മണ്ഡലത്തിലെ കാഫിര്‍ പ്രചാരണം സംബന്ധിച്ച് കേരള പൊലീസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കാഫിര്‍ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്ന പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വി.ഡി. സതീശന്റെ പ്രതികരണം.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെയാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കാഫിര്‍ പ്രചരണം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തലയില്‍ ചുമത്തി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ക്രൂരമായ നീക്കമാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വോട്ട് കിട്ടാനായി എന്ത് ഹീനമായ പ്രവൃത്തിയും തങ്ങള്‍ ചെയ്യുമെന്ന് സി.പി.ഐ.എം തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിച്ചതെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒരു കാഫിറാണെന്ന് പ്രചരണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് സി.പി.ഐ.എം ശ്രമിച്ചത്. ഒരു തരത്തില്‍ സി.പി.ഐ.എം നടത്തിയത് ഭീകരപ്രവര്‍ത്തനമാണ്. ഇടതുപക്ഷത്തിന്റെ ഈ നീക്കം സമൂഹത്തില്‍ ഉണ്ടാക്കാനിടയുള്ള പ്രതിസന്ധികളും അതിന്റെ ആഘാതവും നമുക്ക് ചിന്തിക്കേണ്ടതുണ്ട്. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവേഷണം നടത്തുന്ന ബി.ജെ.പി പോലും ഇവര്‍ക്ക് മുന്നില്‍ തലകുനിഞ്ഞ് നില്‍ക്കേണ്ട അവസ്ഥയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐ.എം പോലുള്ള സംസ്ഥാനം ഭരിക്കുന്ന ഒരു പാര്‍ട്ടിക്ക് യോജ്യമായ പ്രവര്‍ത്തിയാണോ ഇതെന്ന് പരിശോധിക്കണം. പ്രസ്തുത സ്‌ക്രീന്‍ഷോര്‍ട്ട് ആരാണ് ഉണ്ടാക്കിയതെന്ന് പൊലീസിന് അറിയാം. എന്നാല്‍ പൊലീസിന് ഭയമാണ്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടന്നാല്‍ കേരളത്തിലെ ഉന്നതരായ ഇടത് നേതാക്കള്‍ കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടും. അതിനാല്‍ തന്നെ പൊലീസ് സ്‌ക്രീന്‍ഷോര്‍ട്ട് ഉണ്ടാക്കിയവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
യു.ഡി.എഫ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതിനൊരു അവസാനം കാണുന്നത് വരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു. മുഹമ്മദ് ഖാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ തലയിലാണ് കാഫിര്‍ പ്രചരണം വ്യാജമായി സി.പി.ഐ.എം ചുമത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആ ചെറുപ്പക്കാരന്‍ കാണിച്ച ധീരത എടുത്തുപറയേണ്ടതാണ്, തന്റെ ഫോണ്‍ പൊലീസ് സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാക്കി ഏത് വിധത്തിലും അന്വേഷണം നടത്താമെന്നാണ് മുഹമ്മദ് ഖാസിം പറഞ്ഞത് എന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ സി.പി.ഐ.എം പരസ്യമായി മാപ്പ് പറയണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇനിയൊരിക്കലും സി.പി.ഐ.എം പോലുള്ള ഒരു പാര്‍ട്ടി, ബി.ജെ.പിയെ പോലെ സംഘപരിവാറിനെ പോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഒരു ശ്രമവും നടത്തരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് കേരളത്തിന്റെ പൊതുവായ സ്വഭാവത്തിന് അപകടകരമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിലാണ് വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ഖാസിമിനെ കേസില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനെതിരെ ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റെഡ് എന്‍കൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയന്‍ എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്‌ക്രീന്‍ഷോര്‍ട്ട് എത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlight: Opposition Leader V.D.Satheesan respondend fake kafir screenshot controversy