വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യം; അശ്ലീല വീഡിയോ ആരോപണത്തില്‍ നിയമ നടപടിയുണ്ടാകും: വി.ഡി. സതീശന്‍
Kerala News
വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യം; അശ്ലീല വീഡിയോ ആരോപണത്തില്‍ നിയമ നടപടിയുണ്ടാകും: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th June 2022, 4:29 pm

കൊച്ചി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യമാണെന്ന് സതീശന്‍ പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ വി.ഡി.സതീശനാണെന്ന ജയരാജന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. വ്യാജ വീഡിയോ ഉണ്ടാക്കിയെന്ന ജയരാജന്റെ ആരോപണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

വിമാനത്തിലെ പ്രതിഷേധത്തിനിടെ മിഖ്യമന്ത്രി വിമാനത്തിലുണ്ടെന്ന് ആദ്യം പറയുക, പ്രതിഷേധക്കാര്‍ മദ്യപിച്ചെന്ന് പറയുക. പിന്നെ അതൊക്കെ മാറ്റിപ്പറയുക, അങ്ങനെ മാറ്റി മാറ്റി പറയുന്ന ജയരാജന്‍ ഞങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങളെകൊണ്ടുവരാന്‍ പറ്റുന്നയാളാണ്. തെരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാനാണ് ഇപ്പോള്‍ അദ്ദേഹം ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹം സമ്പന്നരോട് മാത്രമാകരുത്. പാവങ്ങളായ പ്രവാസികളുമുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ. അന്നൊന്നും മുഖ്യമന്ത്രിയുടെ പ്രവാസി സ്നേഹം കേരളം കണ്ടില്ല. സംസ്ഥാനത്ത് വ്യാപകമായി സി.പി.ഐ.എം കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഭരണകക്ഷി അഴിഞ്ഞാടുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണെന്നും സതീശന്‍ പറഞ്ഞു.

പിണറായി വിജയന്റെ ഭരണകാലത്ത് അവതാരങ്ങളെ മുട്ടിനടക്കാന്‍ വയ്യാതെയായി. ഷാജ് കിരണ്‍ ഒമ്പതാമത്തെ അവതാരമാണ്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ആരോപണവിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ എങ്ങനെയാണെന്നും സതീശന്‍ ചോദിച്ചു.

അവതാരങ്ങള്‍ക്ക് എവിടെയും കയറിച്ചെല്ലാന്‍ പറ്റിയ അവസ്ഥയാണ് നിലവിലുള്ളത്. ഇനിയുമുണ്ട് ഇതുപോലുള്ള നിരവധി അവതാരങ്ങള്‍. ഓരോന്ന് ഓരോന്നായി പുറത്തുവരും. കച്ചവടവും കമ്മീഷനുമായി വരുന്ന ഏത് ആള്‍ക്കാരെയും സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: Opposition leader V.D. Satheesan Criticized LDF CONVENER EP Jayarajan