കണ്ണൂര്‍: കേരളം രാജ്യത്തെ തന്നെ മയക്കുമരുന്നിന്റെ ആസ്ഥാനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 14 മാസത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മന്ത്രിമാര്‍ അവരുടെ പണിയെടുക്കുന്നില്ല. ഇത് നിയമസഭയില്‍ ഉന്നയിക്കുമ്പോള്‍ കൃത്യമായ മറുപടി തരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
കേരളത്തില്‍ 14,000ല്‍ അധികം ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ആഭ്യന്തരം പാര്‍ട്ടിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. എസ്.പിമാരെ നിയന്ത്രിക്കുന്നത് സി.പി.ഐ.എം ജില്ലാ സെക്രട്ടറിമാരാണ്. എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് ഏരിയ സെക്രട്ടറിമാരാണ്.
കേരളം മയക്കുമരുന്നിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആസ്ഥാനമായി മാറി. നമ്മുടെ ചെറുപ്പക്കാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അതിന്റെ ചതിക്കുഴികള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിലെ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
മലബാറില്‍ സ്വര്‍ണക്കടത്ത് നിത്യസംഭവമായി മാറി. അതിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ മലബാറില്‍ രൂപപ്പെട്ടപ്പെന്നും സതീശന്‍ പറഞ്ഞു.
ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തയെ പല്ലും നഖവും ഇല്ലാത്ത സംവിധാനം ആക്കാനുള്ള നീക്കത്തെ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി.
അതേസമയം, കിഫ്ബിയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്നും തോമസ് ഐസക്കിന് അയച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
CONTENT HIGHLIGHTS: Opposition leader V.D. Sateeshan said that Kerala has become the center of drugs in the country