| Sunday, 5th August 2018, 9:05 am

രാഹുലും യെച്ചൂരിയും രാജയും കെജ്‌രിവാളും തേജസ്വി യാദവിനൊപ്പം; ഷെല്‍ട്ടര്‍ ഹോമിലെ പീഡനത്തില്‍ നിതീഷ് സര്‍ക്കാരിനെതിരെ സംയുക്ത പ്രതിഷേധവുമായി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബിഹാറിലെ ഷെല്‍ട്ടര്‍ ഹോമിലെ ലൈംഗിക പീഡനം പുറത്തുവന്നതിന് പിന്നാലെ ആര്‍.ജെ.ഡി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസും, ഇടതുപാര്‍ട്ടികളും. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടത്തുന്ന ധര്‍ണ്ണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, ജെ.ഡി.യു മുന്‍ നേതാവ് ശരത് യാദവ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്‌ല റാഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് ബിഹാറില്‍ നിന്ന് വരുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ത്യാഗേറ്റിന് മുന്നില്‍ നേതാക്കള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

ALSO READ: വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡ്യൂറോയ്ക്കുനേരെ ഡ്രോണാക്രമണം, വീഡിയോ

നിതീഷ് കുമാര്‍ സര്‍ക്കാര്‍ നാണമുണ്ടെങ്കില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍.ജി.ഒ ഉടമ ബ്രിജേഷ് ഠാക്കൂറിന് വധശിക്ഷ നല്‍കണമെന്ന് തേജസ്വി യാദവ് പറഞ്ഞു.

ശിശുക്ഷേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും നടപടിയെടുക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിസ്സ് ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോമിലെ പീഡനവിവരം പുറത്തായത്. ഷെല്‍ട്ടര്‍ ഹോമിലെ 44 പെണ്‍കുട്ടികളില്‍ 34 പേര്‍ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു.

കേസില്‍ മെയ് 31ന് 11 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.എന്‍.ജി.ഒയുടെ ഉടമ ബ്രിജേഷ് ഠാക്കൂര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more