തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കള്‍ വാര്‍ഷിക പരിപാലന കരാറായി പണം സ്വീകരിച്ചുവെന്ന കണ്ടെത്തെലില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയും.
രാഷ്ട്രീയ നേതാക്കള്‍ സംഭവനയായി പണം സ്വീകരിക്കുന്നതിന് തെറ്റില്ലെന്നും രശീത് കുറ്റിയടക്കം രേഖപ്പെടുത്തിയാണ് ഇത്തരത്തില്‍ പണം സ്വീകരിക്കാറുള്ളതെന്നും നേതാക്കള്‍ നിയമസഭാ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതില്‍ തെറ്റില്ല. വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന പണം കൊണ്ടാണോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനത്തിനും രാഷ്ട്രീയ പരിപാടികള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫണ്ട് വാങ്ങുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ വാര്‍ഷിക പരിപാലന കരാര്‍ വിവാദം നിയമസഭയില്‍ എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിന്, പ്രതിപക്ഷം കൊണ്ടുവരേണ്ട വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിഷയം നിയമസഭയില്‍ കൊണ്ടുവരാന്‍ സാങ്കേതിതികമായി പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പ്രയോരിറ്റി നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല. അത് ഞങ്ങളാണ് തീരുമാനിക്കുന്നത്.
പ്രതിപക്ഷത്തിന്റെ വിമുഖത അളക്കേണ്ടത് മാധ്യമങ്ങളാണോ. ഇന്നലെ ബില്ലുകളുടെ ചര്‍ച്ചയായിരുന്നു. അതിനിടയില്‍ സഭയില്‍ മാസപ്പടി വിവാദം ഉന്നയിക്കാനാവില്ലായിരുന്നു.
ഇന്നലെ രാവിലെയാണ് വാര്‍ത്ത വരുന്നത്. അപ്പോഴേക്കും രാവിലെയുള്ള നോട്ടീസ് കൊടുത്തു കഴിഞ്ഞിരുന്നു. ഇന്ന് രണ്ട് വിഷയങ്ങളുണ്ടായിരുന്നു. ഇതില്‍ രണ്ടിലും നോട്ടീസ് കൊടുത്താല്‍ റിജക്റ്റ് ചെയ്യുമായിരുന്നു. അഴിമതിയെക്കുറിച്ച് ഉന്നയിക്കാന്‍ വേറെ പ്രൊവിഷനുണ്ട്. അതുകൊണ്ട് താനൂര്‍ വിഷയത്തില്‍ പ്രമേയം കൊണ്ടുവന്നു,’ സതീശന്‍ പറഞ്ഞു.