തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഗവര്‍ണറുമായി മുഖ്യമന്ത്രി അന്തര്‍ധാര സജീവമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത ആഴ്ച ലാവ്‌ലിന്‍ കേസ് കോടതിയില്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ പുറത്തുവരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭക്ക് പുറത്ത് ഗവര്‍ണര്‍ക്കെതിരെ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷം.
സര്‍ക്കാരും ഗവര്‍ണറും ഒത്തുക്കളിക്കുകയാണെന്നും കേരള ജനതയെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ എത്താനിരിക്കെ കേന്ദ്ര സര്‍ക്കാരുമായി പാലമിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
പൗരത്വ ഭേദഗതി സംബന്ധിച്ച ഭാഗങ്ങള്‍ നയപ്രഖ്യാപനത്തില്‍ വായിക്കുകയില്ലെന്ന് ഗവര്‍ണര്‍ രേഖാമൂലം അറിയിച്ചിരുന്നു. പക്ഷെ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് തന്നെ ഈ ഭാഗം ഗവര്‍ണര്‍ വായിച്ചു. മുഖ്യമന്ത്രി കാലുപിടിച്ച് പറഞ്ഞിട്ടാണ് ആ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായതെന്നും ചെന്നിത്തല ആരോപിച്ചു.
തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡ് ചവിട്ടിമെതിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. സഭയിലേക്ക് വാച്ച് ആന്റ് വാര്‍ഡിനെ വിളിച്ചത് ചട്ടവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണക്കെതിരെ മുന്‍പും പ്രതിഷേധമുണ്ടായിട്ടുണ്ടെന്നും അന്നെല്ലാം സ്പീക്കറുടെ ചേംബര്‍ വഴി ഗവര്‍ണറെ ഡയസിലേക്ക് എത്തിക്കാറാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് അങ്ങിനെ ചെയ്യാതെ പ്രതിഷേധമായി നില്‍ക്കുന്ന എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് പിടിച്ചുമാറ്റിയത് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയുടെ ഏജന്റു പോലെ പ്രവര്‍ത്തിക്കുകയും സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്തതിനാലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രമേയത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.