ഇന്ത്യ എന്ന ആശയവും ഭരണഘടനയും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു; ദൈവങ്ങളുടെ ചിത്രങ്ങള്‍ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍
national news
ഇന്ത്യ എന്ന ആശയവും ഭരണഘടനയും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു; ദൈവങ്ങളുടെ ചിത്രങ്ങള്‍ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2024, 3:33 pm

ന്യൂദല്‍ഹി: പത്ത് വര്‍ഷക്കാലമായി ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നുവെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. ‘ജയ് സംവിധാന്‍’ എന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ ആരംഭിച്ച പ്രസംഗത്തിന് പിന്നാലെ ലോക്‌സഭയില്‍ ബഹളം തുടരുകയാണ്.

നീറ്റ് വിഷയത്തില്‍ പ്രതിപക്ഷ എം.പിമാരുടെ അടിയന്തര പ്രമേയം സ്വീകരിക്കാതിരുന്നതും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരു ദിവസം നീളുന്ന ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ വിസമ്മതിച്ചതിനും പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

പ്രസംഗത്തില്‍ ഇന്ത്യ എന്ന ആശയത്തെ ബി.ജെ.പി ആക്രമിക്കുന്നുവെന്നും ഹിന്ദു എന്ന് അവകാശപ്പെടുന്ന ചിലര്‍ രാജ്യത്ത് ആക്രമണം നടത്തുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

‘ഇന്ത്യ എന്ന ആശയത്തിനും ഭരണഘടനക്കുമെതിരെ ബി.ജെ.പി മുന്നോട്ടുവെച്ച നയങ്ങളെ എതിര്‍ത്ത ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണങ്ങള്‍ നടന്നു. ഞാനും തനിക്ക് ചുറ്റുമുള്ള പലരും ആക്രമിക്കപ്പെട്ടു. പ്രതിപക്ഷം മാത്രമല്ല, ദരിദ്രര്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും എതിരായുള്ള ബി.ജെ.പി നീക്കങ്ങൾക്കെതിരെ ശബ്ദിച്ചവരും തകര്‍ക്കപ്പെട്ടു. വിമത ശബ്ദങ്ങളെ ബി.ജെ.പി ജയിലിലടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി അയോധ്യയില്‍ മത്സരിക്കാതെ പിന്മാറി. രാമക്ഷേത്രം പണിതിട്ടും ബി.ജെ.പി അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മനുഷ്യര്‍ക്ക് ആര്‍ക്കും ഇല്ലാത്ത കഴിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ദൈവത്തോട് നേരിട്ട് സംസാരിച്ചുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ എല്ലാ മതങ്ങളും ധൈര്യത്തിന്റെ പ്രതീകമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പരമശിവന്റേയും ഗുരു നാനാക്കിന്റെയും ഇസ്‍ലാം മത ചിഹ്നങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ലോക്‌സഭയില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയതിനെതിരെ സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. എന്നാല്‍ പരമശിവന്‍ ധൈര്യത്തിന്റെ പ്രതീകമാണ്. ശിവന്‍ ആരെയും ഭയപ്പെടാത്തത് പോലെ ഇന്ത്യാ സഖ്യവും ഒന്നിനെയും ഭയപ്പെടില്ല. ബി.ജെ.പിയുടെ നിലപാടുകളെ ഇന്ത്യാ സഖ്യം ശക്തമായി പ്രതിരോധിക്കുമെന്ന് രാഹുല്‍ സ്പീക്കര്‍ക്ക് മറുപടി നല്‍കി.

ബി.ജെ.പിയും ആര്‍.എസ്.എസും മോദിയും മുഴുവന്‍ ഹിന്ദു സമൂഹത്തെയും പ്രതിനിധികരിക്കുന്നില്ല. ഹിന്ദുക്കളെ ഒരു തരത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ കരുവാക്കുകയാണെന്നും രാഹുല്‍ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.

സംസാരിക്കുമ്പോള്‍ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നായിരുന്നു സ്പീക്കറുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെ അവഹേളിച്ചുവെന്നും ഹിന്ദുക്കളോട് പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അഗ്‌നിവീര്‍ പദ്ധതിക്കെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനമുയര്‍ത്തി. ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന് ‘ഉപയോഗിച്ച്, വലിച്ചെറിയാന്‍’ ഉള്ളതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ജീവന്‍ പോയാലും രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരിനെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയിൽ തുടരുകയാണ്.

Content Highlight: Opposition leader Rahul Gandhi said that the BJP government has been attacking the Indian Constitution for ten years