|

അസം പ്രളയം; 'ജനങ്ങളുടെ സൈനികനായി പാര്‍ലമെന്റിലുണ്ടാകും'; മണിപ്പൂരും അസമും സന്ദര്‍ശിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരില്‍. മണിപ്പൂരിലെ ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന മെയ്‌തെയ് വിഭാഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തി. മണിപ്പൂരിലെത്തിയതിന് മുന്നോടിയായി അദ്ദേഹം അസമിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചിരുന്നു.

മണിപ്പൂരില്‍ നിന്ന് കുടിയിറക്കപ്പെട്ട് അസമിലെ ക്യാമ്പുകളില്‍ താമസിക്കുന്ന കുക്കി വിഭാഗക്കാരെയും സംസ്ഥാനത്തെ പ്രളയബാധയില്‍ ദുരിതമനുഭവിക്കുന്നരെയും രാഹുല്‍ സന്ദര്‍ശിച്ചു.

അസമിലെ വെള്ളപ്പൊക്കം കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്നു. ഇരട്ട എഞ്ചിനായിട്ടും പ്രളയത്തില്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സംസ്ഥാനത്തിന് തക്കതായ എല്ലാ സഹായവും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ഞാന്‍ അസമിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പാര്‍ലമെന്റില്‍ ഞാന്‍ അവരുടെ സൈനികനാണ്,’ എന്നും അസം സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ പ്രതികരിച്ചു.

അതേസമയം മണിപ്പൂരിലെ ജിരിബാമില്‍ രാഹുല്‍ എത്തുന്നതിന് മുമ്പ് ഗ്രാമത്തില്‍ ഒരു സംഘം ആളുകള്‍ വെടിവെപ്പ് നടത്തുകയുണ്ടായി. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വെടിവെപ്പിനെ തുടര്‍ന്ന് അജ്ഞാതരായ തോക്കുധാരികള്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്ഷാം മേഘചന്ദ്ര, സി.എല്‍.പി നേതാവ് ഒ ഇബോബി സിങ് എന്നിവരോടൊപ്പമാണ് രാഹുല്‍ ഗാന്ധി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നത്.

രാഹുലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിനിടയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരും അസമും സന്ദര്‍ശിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരും മോദിയും സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് ശേഷമാണ് രാഹുല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍, മണിപ്പൂരിലെ ചോര ചിന്തിയ തെരുവുകള്‍ ഒരു തവണയെങ്കിലും സന്ദര്‍ശിക്കണമെന്ന് മോദിയോട് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ എന്‍.ഡി.എ സഖ്യം പരാജയം നേരിടുകയും സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചതിനും പിന്നാലെയാണ് രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം. കലാപബാധിതരായ മണിപ്പൂരിലെ ജനങ്ങള്‍ സമാധാനത്തിനും നീതിക്കും വേണ്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ഖേദം പ്രകടിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Content Highlight: Opposition leader Rahul Gandhi in Manipur

Video Stories