| Saturday, 27th July 2019, 10:46 am

ഒരു സൂക്ഷ്മ പരിശോധനയുമില്ലാതെ രണ്ടാം മോദി സര്‍ക്കാര്‍ ഇതിനകം പാസാക്കിയത് 14 ബില്ലുകള്‍: ആശങ്ക അറിയിച്ച് രാജ്യസഭാ അധ്യക്ഷന് പ്രതിപക്ഷത്തിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൂക്ഷ്മപരിശോധനയില്ലാതെ ധൃതിയില്‍ നിയമം പാസാക്കിയെടുക്കുന്ന രണ്ടാം മോദി സര്‍ക്കാറിന്റെ നടപടിയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയറിയിച്ച് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്തെഴുതി.

14 ബില്ലുകളാണ് 17ാം ലോക്‌സഭ ഇതുവരെ പാസാക്കിയത്. ഇതില്‍ ഒരു ബില്ലുപോലും പാര്‍ലമെന്ററി സമിതിക്കോ സെലക്ട് കമ്മിറ്റിക്കോ വിട്ടിട്ടില്ല. 11 ബില്ലുകള്‍കൂടി വരുംദിവസങ്ങളില്‍ രാജ്യസഭയില്‍ കൊണ്ടുവന്ന് പാസാക്കാനിരിക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധമറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മോദി സര്‍ക്കാറിന്റെ കാലത്ത് വെറും 26% ബില്ലുകള്‍ മാത്രമാണ് വിവിധ സമിതികളുടെ സൂക്ഷ്മ പരിശോധനയ്ക്കു വിട്ടത്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 60% ബില്ലുകളും സമിതി പരിശോധിച്ചിരുന്നു. തൊട്ടടുത്ത ലോക്‌സഭയില്‍ 71%വും വിവിധ സമിതികള്‍ പരിശോധിച്ചിരുന്നു. ഈ നടപടിക്രമങ്ങളാണ് മോദി സര്‍ക്കാര്‍ പടിപടിയായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, ബി.എസ്.പി, ആര്‍.ജെ.ഡി തുടങ്ങി 17 പാര്‍ട്ടികളുടെ നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചത്.

കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ് ഇതെന്നാണ് ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്റിന്റെ സ്ഥിരം സമിതികളുടേയും സെലക്ട് കമ്മിറ്റികളുടേയും പരിശോധനയ്ക്ക് വിധേയമാക്കാതെ നിയമം നിര്‍മ്മിക്കുന്നതിനെതിരെ കടുത്ത രോഷം രേഖപ്പെടുത്തുകയാണെന്ന് നേതാക്കള്‍ കത്തില്‍ കുറിച്ചു.

പ്രതിപക്ഷശബ്ദം രാജ്യസഭയില്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും നടപടി വേണം. നിയമത്തിന്റെ ആവശ്യകത തങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍, അതിന്റെ ഭാഗമായി കീഴ്‌വഴക്കങ്ങള്‍ റദ്ദാക്കുന്നത് യഥാര്‍ഥ ലക്ഷ്യങ്ങളെ തമസ്‌കരിക്കുന്നതിനു തുല്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more