മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും യോജിപ്പ്: പി.കെ. കുഞ്ഞാലിക്കുട്ടി
Kerala News
മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും യോജിപ്പ്: പി.കെ. കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 7:33 pm

കൊച്ചി: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കണമെന്ന് തന്നെയാണെന്നും അത് കൊണ്ട് സൗഹൃദാന്തരീക്ഷത്തില്‍ പ്രശ്‌നം പരിഹരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ബിഷപ്പുമായി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം.

അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലും മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളുമായാണ് ചര്‍ച്ച നടത്തിയത്.

സൗഹൃദാന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മുസ്‌ലിം നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും ആ സാങ്കേതിക പ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് യോഗം വിളിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കണമെന്ന് തന്നെയാണെന്നും അത് കൊണ്ട് സൗഹൃദാന്തരീക്ഷത്തില്‍ പ്രശ്‌നം പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പം ഭൂമിപ്രശ്നം മാനുഷിക പ്രശ്നമാണെന്നും മുസ്‌ലിം ലീഗ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെന്നും കോഴിക്കോട് രൂപതാ അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രതികരിക്കുകയുണ്ടായി. മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും ലീഗ് പ്രതിനിധികള്‍ വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു മതത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രശ്നമല്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Opposition Leader and Chief Minister agree to resolve Munambam issue: P.K. kunjalikkutti