തിരുവനന്തപുരം: 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗം വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കാണ് ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ സുനില്‍കുമാറിന് വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. സുനില്‍കുമാറിനെയും കെ. മുരളീധരനെയും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ സുനില്‍കുമാറാണ് ജയിക്കാന്‍ സാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിയെന്ന നിലപാടിലാണ് അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
എന്നാല്‍ സുനില്‍കുമാറിന് ലഭിക്കേണ്ടിയിരുന്ന സി.പി.ഐ.എം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയതിനാലാണ് അദ്ദേഹം ജയിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചതിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പുകളില്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ച അന്തിക്കാട് ഉള്‍പ്പടെയുള്ള പഞ്ചായത്തുകളില്‍ എങ്ങനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒന്നാം സ്ഥാനത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയ 18 നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്ന മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വാദത്തെയും പ്രതിപക്ഷ നേതാവ് എതിര്‍ത്തു.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും നിയമസഭ തെരഞ്ഞെടുപ്പിലെയും വോട്ടുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ ലോജിക്കില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലും മുന്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ നിലനില്‍ക്കുകയും തൃശൂരില്‍ മാത്രം വ്യത്യാസമായിരിക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവിന്റെ വാക്കുകള്‍ക്ക് ലോജിക്കുണ്ടാവുമായിരുന്നു എന്നും എന്നാല്‍ കേരളത്തിലെ സ്ഥിതി അതായിരുന്നില്ല എന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ എതിര്‍ത്തത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കാന്‍ വേണ്ടിയാണോ തൃശൂരില്‍ ടി.എന്‍.പ്രതാപനെ മാറ്റി കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മന്ത്രി പി.രാജീവ് ചോദിച്ചു.
content highlights: Opposition leader admits that UDF’s votes were leaked to LDF in Thrissur