| Thursday, 12th June 2014, 9:53 am

അപ്രഖ്യാപിത പവര്‍കട്ടിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ലോഡ്‌ഷെഡ്ഡിങിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. അപ്രാഖ്യാപിത  പവര്‍കട്ടും ലോഡ് ഷെഡ്ഡിങും മൂലമുള്ള ദുരിതം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

എ.കെ ബാലനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ആസുത്രണത്തിലെ പിഴവാണ് വൈദ്യൂതി പ്രതിസന്ധിക്ക് കാരണം എന്ന് ബാലന്‍ ആരോപിച്ചു. വ്യവസായ മേഖലയാകെ പ്രതിസന്ധിയിലാണെന്നും 491 വ്യവസായങ്ങള്‍ അടച്ച് പൂട്ടേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

1600 കോടി രൂപയുടെ വൈദ്യുതി കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാറിന് പിഴവ് സംഭവിച്ചെന്നും മുന്‍ വൈദ്യുതിമന്ത്രി കൂടിയായ എ.കെ ബാലന്‍ ചൂണ്ടികാട്ടി. എന്നാല്‍ കേന്ദ്ര വിഹിതത്തിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കൂടംകുളത്ത് നിന്ന് ലഭിക്കേണ്ട 160 മെഗാവാട്ട് വൈദ്യുതി ലഭിക്കാതിരുന്നതും തിരിച്ചടിയായെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് മുക്കാല്‍ മണിക്കൂറാണ് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുവന്നതോടെ വീണ്ടും ലോഡ്‌ഷെഡിങ് സമയം കൂട്ടാനാണ് സാധ്യത. ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍  45 മിനിറ്റിന് പുറമെ 15 മുതല്‍ 20 മിനിറ്റുവരെ ലോഡ് ഷെഡിങ് കൂടി വേണ്ടിവരും.

We use cookies to give you the best possible experience. Learn more