പദ്ധതിയെക്കുറിച്ച് വിമർശിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പി.ചിദംബരം
India
പദ്ധതിയെക്കുറിച്ച് വിമർശിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പി.ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2024, 2:42 pm

ന്യൂദൽഹി: അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ വിമർശിച്ച് പി.ചിദംബരം.

പ്രതിപക്ഷത്തിന് പദ്ധതികളെ വിമർശിക്കാനുള്ള അവകാശം ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ചത് തെറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അഗ്നിവീർ പദ്ധതിയെ രാഷ്ട്രീയവൽക്കരിക്കരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽഗാന്ധിക്ക് നൽകിയ നിർദേശം.

രാഷ്ട്രീയവൽക്കരിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ് ? തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാൽ വിമർശിക്കുക എന്നത് മാത്രമായി മാറിയോ? എന്നും അദ്ദേഹം ചോദിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ സ്റ്റാർ കാമ്പയിനിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിൽ സർക്കാരിന്റെ അഗ്നിവീർ പദ്ധതിയെക്കുറിച്ച് രാഹുൽഗാന്ധി നടത്തിയ പരാമർശത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു.

സായുധസേനയെ പ്രചരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
എന്നാൽ അഗ്നിവീർ പദ്ധതിയെയല്ല മറിച്ച് നരേന്ദ്രമോദിയുടെ നയപരമായ തീരുമാനത്തെയാണ് രാഹുൽ ഗാന്ധി വിമർശിച്ചതെന്ന് പി. ചിദംബരം പറഞ്ഞു.

‘അഗ്നിവീർ ഒരു പദ്ധതിയാണ്, അത് സർക്കാരിന്റെ പുതിയ നയമാണ്. സർക്കാർ നയങ്ങളെയും പദ്ധതികളെയും വിമർശിക്കാനുള്ള അധികാരം പ്രതിപക്ഷത്തിനുണ്ട്. പദ്ധതികൾ മോശമാണെങ്കിൽ അധികാരത്തിലെത്തിയാൽ അത് നിർത്തലാക്കുമെന്ന് പറയാനുള്ള അവകാശവും പ്രതിപക്ഷത്തിനുണ്ട്. അത് പാർട്ടിയുടെ അവകാശമാണ്,’ പി. ചിദംബരം പറഞ്ഞു.

2022 ൽ കേന്ദ്രസർക്കാർ അഗ്നിപഥ്‌ പദ്ധതി പ്രഖ്യാപിച്ചതോടെ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. റിക്രൂട്ട് ചെയ്തവരിൽ 25 ശതമാനം മാത്രം നിലനിർത്തി ബാക്കിയുള്ളവരെ അവരുടെ നാല് വർഷത്തെ കാലാവധി കഴിയുമ്പോൾ പിരിച്ച് വിടുമെന്നായിരുന്നു പദ്ധതി മുന്നോട്ട് വെച്ച ആശയം.

 

Content Highlight: opposition has the right to criticise a   policy   Chidambaram slams election commission