ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍.
ദല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ ആഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടെന്നും അക്രമ സംഭവത്തില്‍ സമയബന്ധിതമായി ഇടപെടാന്‍ പൊലീസിന് സാധിച്ചില്ലെന്നും അത്തരമൊരു നിര്‍ദേശം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അമിത് ഷാ നല്‍കിയില്ലെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എ.ഐ.എം.ഐ.എം, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്.
എന്തുകൊണ്ട് ഇത്തരത്തിലൊരു കലാപം ദല്‍ഹിയില്‍ സംഭവിച്ചുവെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അമിത് ഷാ എന്ത് നടപടി കൈക്കൊണ്ടെന്നും കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി ചോദിച്ചു.
ദല്‍ഹി അക്രമത്തില്‍ ആയിരക്കണക്കിന് വരുന്ന നിരപരാധികളും ജീവനും സ്വത്തും നഷ്ടപ്പെട്ടെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസും സി.പി.ഐയും സി.പി.ഐ.എമ്മും വിഷയം സഭയിലുയര്‍ത്തിയിട്ടുണ്ട്. ദല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ പൊലീസിന് സംഭവിച്ച വീഴ്ചയില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു.
ദല്‍ഹി കലാപത്തില്‍ തൃണമൂലും എന്‍.സി.പിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും സി.പി.ഐ.എം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഹൈദരാബാദ് എം.പി എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസുദുദ്ദീന്‍ ഉവൈസിയും സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.