ന്യൂദല്‍ഹി: ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തെയാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയമായി കാണുന്നതെന്ന് കോണ്‍ഗ്രസിന്റെ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി സ്ഥാനാര്‍ഥി കനയ്യകുമാര്‍. തെരഞ്ഞെടുപ്പ് റാലിക്കിടെ ദി വയറിനു നല്‍കിയ അഭിമുഖത്തിലാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് കനയ്യകുമാര്‍ സംസാരിച്ചത്.
ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷം കൈകോര്‍ത്തിരിക്കുകയാണെന്ന് പറഞ്ഞ കനയ്യകുമാര്‍ ബി.ജെ.പിയെ മുഴുവനായും തുടച്ചു നീക്കുന്നതിനുള്ള പാതയിലാണ് തങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.
‘സ്വേച്ഛാധിപത്യമാണ് ഏറ്റവും വലിയ പ്രശ്‌നം. സമാധാനപ്രിയര്‍, നീതിയെ സ്‌നേഹിക്കുന്നവര്‍, പുരോഗതി ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നം ബി.ജെപിയെ തുടച്ചു നീക്കുക എന്നതാണ്. പ്രതിപക്ഷത്തെ നശിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ഇല്ലാതാക്കാനാണ് ഇന്ത്യാ സഖ്യം രൂപം കൊണ്ടത്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത, കഴിഞ്ഞ തവണ പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇക്കുറി ഞങ്ങള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് ,’ കനയ്യകുമാര്‍ പറഞ്ഞു.
മനോജ് തിവാരിയാണ് കനയ്യക്കെതിരെ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി. മനോജ് തിവാരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വിശദീകരിച്ച കനയ്യ അധികാരത്തിലുണ്ടെന്ന അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഫലിക്കുന്നതെന്നും പറഞ്ഞു.
മുന്‍ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലി കനയ്യയുടെ സ്ഥാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്തിരുന്നു. പുറത്തു നിന്നുള്ള ഒരാള്‍ക്ക് ടിക്കറ്റ് നല്‍കിയത് തെറ്റാണെന്നായിരുന്നു ലൗലി പറഞ്ഞിരുന്നത്. എന്നാല്‍ താനല്ല കേന്ദ്ര നേതൃത്വമാണ് ഇതിനുള്ള ഉത്തരം നല്‍കേണ്ടതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കനയ്യയുടെ മറുപടി.
2014ലും 2019ലും ബി.ജെ.പിക്ക് വോട്ട് ചെയ്തവരില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലാത്തവരും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് തോന്നുന്നവരും ഉണ്ട്. അത് കൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ പോലെ വലിയ വെല്ലുവിളി ഇപ്പോഴില്ലെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
Content Highlight: Opposition-Free Politics Biggest Issue This Election: Kanhaiya Kumar