| Thursday, 20th May 2021, 11:59 am

സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല, കൊവിഡ് സാഹചര്യത്തില്‍ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനില്‍ ചടങ്ങ് കാണും: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നതായി  രമേശ് ചെന്നിത്തല. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ലെന്നും കൊവിഡ് വ്യാപനം അപകടകരമായ രീതിയില്‍ തുടരുന്നതിനാലാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാത്തതെന്നും അദ്ദേഹം അറിയിച്ചു.

‘കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനില്‍ ചടങ്ങ് കാണും.
സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും.

കൊവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു,’ രമേശ് ചെന്നിത്തല ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 85,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലിലാണ് ചടങ്ങ്.

രാവിലെ മുഖ്യമന്ത്രിയും സി.പി.ഐ.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും സത്യപ്രതിജ്ഞയ്ക്ക് എത്തുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ അഞ്ഞൂറില്‍ താഴെ പേരെയാണു പ്രതീക്ഷിക്കുന്നത്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Opposition does not boycott swearing-in ceremony says Ramesh Chennithala

We use cookies to give you the best possible experience. Learn more