വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം; സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം
national news
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം; സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th September 2023, 8:39 pm

ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യമവുമായി പ്രതിപക്ഷം. അഞ്ച് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം
ഇക്കാര്യം ആവശ്യപ്പെട്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് ബി.ജെ.ഡിയും ബി.ആര്‍.എസും ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചത്. ബി.ജെ.പി സഖ്യ കക്ഷികളും ഇതിനെ പിന്തുണച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

അദാനി വിവാദം, മണിപ്പൂര്‍ വിഷയം എന്നിവയും പ്രത്യേക സെഷനില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹിക സംഘര്‍ഷം, മണിപ്പൂര്‍ സാഹചര്യം തുടങ്ങിയ വിഷയങ്ങള്‍ സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ചു.

കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, ഡി.എം.കെയുടെ കനിമൊഴി, ടി.ഡി.പിയുടെ റാം മോഹന്‍ നായിഡു, ടി.എം.സിയുടെ ഡെറിക് ഒബ്രിയാന്‍, എ.എ.പിയുടെ സഞ്ജയ് സിങ്, ബി.ജെ.ഡിയുടെ സസ്മിത് പത്ര, ബി.ആര്‍.എസിലെ കെ. കേശവ റാവു, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വി. വിജയസായി റെഡ്ഡി, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, ജെ.ഡി.യുവിന്റെ അനില്‍ ഹെഗ്ഡെ, എസ്.പിയുടെ രാം ഗോപാല്‍ യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlight: Opposition demands to introduce women’s reservation bill