ഇ. അഹമ്മദിന്റെ വിയോഗം; ബജറ്റവതരണം മാറ്റിവെച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം
India
ഇ. അഹമ്മദിന്റെ വിയോഗം; ബജറ്റവതരണം മാറ്റിവെച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st February 2017, 8:31 am

ന്യൂദല്‍ഹി:  സിറ്റിങ് എം.പിയായ ഇ. അഹമ്മദിന്റെ മരണത്തില്‍ ബജറ്റവതരണം മാറ്റിവെക്കണമെന്ന് പ്രതിപക്ഷം. അവതരണം മാറ്റിവച്ചില്ലെങ്കില്‍ ഇന്നത്തെ ലോക്‌സഭാ നടപടികള്‍ ബഹിഷ്‌കരിക്കാനും പ്രതിപക്ഷം നീങ്ങുന്നതായാണ് സൂചന. ബജറ്റ് മാറ്റണമെന്ന് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രാലയം പറയുന്നത്.

സിറ്റിങ് എം.പി മരണപ്പെട്ടാല്‍ ആദരവ് പ്രകടിപ്പിച്ച് പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് കീഴ്‌വഴക്കം. നേരത്തേ മുന്‍ അംഗങ്ങള്‍ മരണപ്പെട്ടാലും പാര്‍ലമെന്റ് അനുശോചിച്ച് പിരിയുന്ന രീതി ഉണ്ടായിരുന്നെങ്കിലും പിന്നീട് ഈ കീഴ്‌വഴക്കം ഉപേക്ഷിക്കുകയായിരുന്നു.

അതേ സമയം ബജറ്റവതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധാരണ നിലയില്‍ ഫെബ്രുവരി 28നാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ പതിവിന് വിപരീതമായ മോദി സര്‍ക്കാര്‍ ഫെബ്രുവരി 1ന് ബജറ്റവതരിപ്പിക്കാന്‍ നീക്കം നടത്തുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ahammed

ബജറ്റവതരണം തടസപ്പെടാതിരിക്കാന്‍ ഇ. അഹമ്മദിന്റെ മരണം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം മറച്ചുവെച്ചുവെന്ന് ബന്ധുക്കളടക്കം ആരോപിച്ചിരുന്നു. ഇ. അഹമ്മദ് പാര്‍ലമെന്റിനുള്ളില്‍ വെച്ചു തന്നെ മരണത്തിന് കീഴടങ്ങിയെന്നും ഇന്ന് പൊതുബജറ്റ് നടക്കുന്നതിനാല്‍ മരണവിവരം മറച്ചുവെച്ചെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്.

ഐ.സി.യുവില്‍ നിന്ന് ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഇ.അഹമ്മദിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുന്നത് വരെ ലഭിച്ചിരുന്നില്ല. മക്കളെയടക്കം സന്ദര്‍ശകരെ പൂര്‍ണ്ണമായും വിലക്കിയിരുന്നു. ചികിത്സാ വിവരങ്ങള്‍ കൈമാറാനും അധികൃതര്‍ തയ്യാറായിരുന്നില്ല. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ആശുപത്രി അധികൃതരുടെ നടപടിയില്‍ എം.പിമാരായ എം.കെ രാഘവന്‍, ആന്റോ ആന്റണി, ഇ.ടി മുഹമ്മദ് ബഷീര്‍, എ.പി അബ്ദുല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ഇതോടെയാണ് മക്കള്‍ക്കും മരുമകനും വെന്റിലേറ്ററിലേക്ക് പ്രവേശം നല്‍കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തത്.


Read more: ബജറ്റവതരണം തടസപ്പെടാതിരിക്കാന്‍ ഇ. അഹമ്മദിന്റെ മരണ വിവരം മറച്ചുവെച്ചെന്ന് ആരോപണം; സ്ഥിരീകരണം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍