ലാഹോര്‍: പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് പ്രതിപക്ഷ സഖ്യകക്ഷികള്‍. പാക്കിസ്ഥാനി മുസ്‌ലീം ലീഗ് നവാസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന യോഗത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യം ശക്തമാക്കാന്‍ തീരുമാനമായി.
ALSO READ: കേരളത്തിന് ഇന്ന് സ്പാനിഷ് പരീക്ഷ: ജിറോണ ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന്
കൂടുതല്‍ സുതാര്യമായ മറ്റൊരു തെരഞ്ഞെടുപ്പാണ് പി.എം.എല്‍ (നവാസ്) പ്രസിഡന്റ് ഷഹ്ബാസ് ഷാരിഫ് ചെയര്‍മാനും മുത്താഹിദ മജ്‌ലിസ്-ഐ-അമല്‍ പ്രസിഡന്റ് മൗലാന ഫസ് ലുര്‍ റഹ്മാന്‍ പ്രസിഡന്റുമായ സംഘം ആവശ്യപ്പെടുന്നത്.
“”ആള്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് ജൂലൈ 25ന് നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ പൂര്‍ണ്ണമായി തള്ളികളയുന്നു. ഈ തെരഞ്ഞെടുപ്പ് ജനങ്ങളുടെ വിധിയായി ഞങ്ങള്‍ പരിഗണിക്കുന്നില്ല. ഇത് ജനങ്ങളുടെ വിധിയുടെ മോഷണമാണ്””, റഹ്മാന്‍ പറഞ്ഞതായി “ദ ഡാണ്‍” പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും റഹ്മാന്‍ പറഞ്ഞു.
പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തില്‍ ജമാത്ത് ഇസ്‌ലാമി തലവന്‍ സിറാജുള്‍ ഹഖ്, സിന്ധ് ഗവര്‍ ണര്‍ മൊഹമദ് സുബൈര്‍, ജില്‍ ജീത്ത് ബാല്‍ട്ടിസ്ഥാന്‍ മുഖ്യമന്ത്രി ഹഫീസുര്‍ റഹ്മാന്‍, അസാദ് ജമ്മു കാശ്മീര്‍ പ്രധാന മന്ത്രി രാജാ ഫാറൂഖ് ഹൈദര്‍, അവാമി നാഷണല്‍ പാര്‍ട്ടി തലവന്‍ അസ്ഫാണ്ട്യാര്‍ വാലി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞതില്‍ മാപ്പ് പറഞ്ഞിരുന്നു.
സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജി വെക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
നേരത്തെ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്കെ ഇന്‍സാഫ് ആണ് പാക്ക് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയത്.