ഭീഷണി പ്രസംഗം തിരിച്ചടിയാകും; അമിത് ഷായ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍
national news
ഭീഷണി പ്രസംഗം തിരിച്ചടിയാകും; അമിത് ഷായ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th October 2018, 9:34 am

ന്യൂദല്‍ഹി: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗം ഭരണാഘടനാവിരുദ്ധവും കോടതിയലക്ഷ്യവുമെന്ന് പ്രതിപക്ഷകക്ഷികള്‍. പ്രായോഗിക വിധികള്‍ മാത്രമെ സുപ്രീംകോടതി വിധിക്കാവൂ എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്റെ പ്രസ്താവന ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം പറഞ്ഞു.

സി.പി.ഐ.എം, കോണ്‍ഗ്രസ്, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടികള്‍ ഇതിനോടകം അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

“പ്രായോഗികമാകുന്ന വിധികളാണ് കോടതി പുറപ്പെടുവിക്കേണ്ടത്. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കരുത്”- എന്നായിരുന്നു ഷായുടെ പ്രസ്താവന.

ALSO READ: റാഫേലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം; മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ തട്ടിപ്പെന്ന് ശിവസേന

ശബരിമല സംഘര്‍ഷത്തിനുപിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ വാക്കുകള്‍ എന്നായിരുന്നു സി.പി.ഐ.എം പി.ബിയുടെ വിലയിരുത്തല്‍. രാജ്യത്തെ ഭരണഘടനയേയും നീതിന്യായവ്യവസ്ഥയേയും അംഗീകരിക്കാനാവില്ലെന്ന ബി.ജെ.പിയുടെ നിലപാടാണ് അമിത് ഷായുടെ പ്രകോപനപരമായ പ്രസംഗത്തിലൂടെ വെളിവായതെന്നും സി.പി.ഐ.എം പറഞ്ഞു.

അമിത് ഷായുടെ പ്രസംഗം വിവരക്കേടാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തെ നിയമവ്യവസ്ഥയേയും നീതിന്യായ വ്യവസ്ഥയേയും പതിയെ കൈയടക്കുകയാണ് ബി.ജെ.പി എന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

“ആദ്യം ദുര്‍ബലപ്പെടുത്തുക പിന്നീട് പിടിച്ചടക്കുക എന്നതാണ് ബി.ജെ.പിയുടെ നയം. സി.ബി.ഐ, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.വി.സി, സി.ഐ.സി എന്നിങ്ങനെയുള്ള ഉദാഹരണം നമുക്ക് മുന്നിലുണ്ട്. നിയമത്തേക്കുറിച്ച് മനസിലാക്കാത്ത ഇപ്പോള്‍ നടത്തിയ പ്രസ്താവനയും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടാണ്.”

ALSO READ: ഭയ്യാജി ജോഷി ശബരിമല വിധിയെ അനുകൂലിച്ചെന്ന് തെളിഞ്ഞാല്‍ അഖിലേന്ത്യാ നേതാവ് സ്ഥാനം രാജിവെയ്ക്കാമെന്ന് വി മുരളീധരന്‍ ; തെളിവ് നിരത്തി ഷാനി പ്രഭാകരന്റെ മറുപടി

ബി.എസ്.പി നേതാവ് മായാവതിയും അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തി. വര്‍ഗീയവികാരം ഇളക്കിവിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് അമിത് ഷായുടെ നീക്കമെന്നും മായാവതി പറഞ്ഞു.

സുപ്രീംകോടതി വിധിയില്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ നിയമപരമായാണ് നീങ്ങേണ്ടത്. അതിന് പകരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിക്കുന്നത് അക്രമത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ്. നിയമസംവിധാനത്തോടുള്ള ബി.ജെ.പിയുടെ ധാര്‍ഷ്ട്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ഉചിതമായ നടപടി സുപ്രീംകോടതി സ്വീകരിക്കുമെന്ന് കരുതുന്നതായി ആം ആദ്മി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

WATCH THIS VIDEO: