'ഇനിയെങ്കിലും കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്'; ഗ്രീന്‍ ഫീല്‍ഡിലെ ഒഴിഞ്ഞ ഗ്യാലറി ആയുധമാക്കി പ്രതിപക്ഷം
Kerala News
'ഇനിയെങ്കിലും കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്'; ഗ്രീന്‍ ഫീല്‍ഡിലെ ഒഴിഞ്ഞ ഗ്യാലറി ആയുധമാക്കി പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 8:09 pm

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം കാണാനെത്തിയതില്‍ ആളുകുറഞ്ഞത് ആയുധമാക്കി പ്രതിപക്ഷം. പട്ടിണികിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടതില്ലെന്ന കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ വിവാദ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ വിമര്‍ശനം.

ഇനിയെങ്കിലും കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നാണ് ഒഴിഞ്ഞുകിടക്കുന്ന സ്‌റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

‘പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് കായികമന്ത്രി. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്.
ഗ്രീന്‍ ഫീല്‍ഡില്‍ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്‌ലിക്കും അഭിനന്ദനങ്ങള്‍,’ സതീശന്‍ പറഞ്ഞു.

സ്റ്റേഡിയത്തില്‍ കാണികള്‍ തിങ്ങിനിറഞ്ഞതായുള്ള എഡിറ്റ് ചെയ്ത് ചിത്രം പങ്കുവെച്ച് ‘യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിറഞ്ഞു കവിഞ്ഞു നില്‍ക്കുകയാണ് കാര്യവട്ടം സ്റ്റേഡിയം. ആളൊഴിഞ്ഞ് കിടക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോസ് ഒക്കെ വ്യാജമാണ്,’ എന്നാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പരിഹസിച്ചത്.

ഗ്രീന്‍ ഫീല്‍ഡിലെ അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ വലിയ തിരക്ക് ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ ഉണ്ടായിട്ടില്ല.

മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയര്‍ത്തിയതാണ് ടിക്കറ്റ് വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടതില്ലെന്നുമായിരുന്നു കായികമന്ത്രിയുടെ മറുപടിയാണ് വിവാദമയിരുന്നത്.

ടിക്കറ്റിന് ജി.എസ്.ടി.ക്ക് പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയര്‍ത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തില്‍ അഞ്ച് ശതമാനം ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വര്‍ധിപ്പിച്ചത്.

Content Highlight: Opposition Criticized for Less in Gallery in India-Sri Lanka 3rd ODI at Kariyawattam Greenfield Stadium