|

'രാഹുല്‍ മാങ്കൂട്ടത്തിലിനെ ആര്‍. ബിന്ദു 'പോടാ ചെറുക്ക' എന്ന് വിളിച്ചു'; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. എം.എല്‍.എയെ മന്ത്രി ‘പോടാ ചെറുക്ക’ എന്ന് വിളിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

മൈക്ക് ഓഫ് ചെയ്തതിന് ശേഷമാണ് മന്ത്രി ‘പോടാ ചെറുക്ക’ എന്ന് പറഞ്ഞതെന്നും തങ്ങള്‍ അത് കേട്ടുവെന്നുമാണ് പ്രതിപക്ഷം പറയുന്നത്. സഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വെര്‍ബല്‍ ഡയേറിയ നടത്തിയെന്ന മന്ത്രിയുടെ പരാമര്‍ശത്തിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

തുടര്‍ന്ന് മുന്‍ പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല മന്ത്രിക്കെതിരെ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ പ്രസംഗിക്കുകയാണ് ചെയ്തതെന്നും വെര്‍ബല്‍ ഡയേറിയയാണോ അദ്ദേഹം നടത്തിയതെന്നും രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.എല്‍.എക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍. ബിന്ദുവിന് മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രസംഗങ്ങള്‍ രോദനമാണെന്ന പരാമര്‍ശവും മന്ത്രി പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. സര്‍വകലാശാല ബില്ലിനെതിരെ സഭയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലാണ്.

ബില്ലിലെ വ്യവസ്ഥകള്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്നവെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം അംഗീകരിച്ചു.

ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്നും സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെ ബാധിക്കുമെന്ന് പഠിക്കണമെന്നും വി.ഡി. സഭയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Opposition creates ruckus in the Assembly demanding an apology from R. Bindu for his abusive remarks against Rahul Mamkootathil