ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ത്യാഗങ്ങളെ പ്രത്യക്ഷമായി രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നടപടി തങ്ങളെ വേദനിപ്പിക്കുന്നെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തെ 21 രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയിലാണ് സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പിയെ വിമര്‍ശിക്കുന്നത്.
പുല്‍വാമ ആക്രമണത്തില്‍ അപലപിക്കുകയും, ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ നടത്തിയ വ്യോമാക്രമണത്തെ സംയുക്ത പ്രസ്താവനയില്‍ പാര്‍ട്ടികള്‍ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
“ദേശീയ സുരക്ഷ ഇടുങ്ങിയ രാഷ്ട്രീയ പരിഗണനകളെ നിഷ്പ്രഭമാക്കണം”- പ്രസ്താവനയില്‍ പറയുന്നു. ജനാധിപത്യ മര്യാദയനുസരിച്ച് ബാല്‍ക്കോട്ട് ആക്രമണത്തിന് ശേഷം സര്‍വകക്ഷി യോഗം നടത്തിയില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
പാകിസ്ഥാന് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിങ്ങ് കമാന്റര്‍ അഭിനന്ദ് വര്‍ദ്ധമാനെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക രേഖപ്പെടുത്തി.
അതേസമയം, അതിര്‍ത്തിയിലെ പാക് വ്യോമാക്രമണത്തെ ചെറുക്കുന്നുതിനിടെ വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാന് പിടിയിലായ അഭിനന്ദിന്റെ പുതിയ വീഡിയോ ദൃശ്യം പാകിസ്ഥാന്‍ സൈന്യം പുറത്തുവിട്ടിരുന്നു.
ജനീവ കണ്‍വെന്‍ഷന്‍ അനുസരിച്ച് സൈനികനെ പാകിസ്ഥാന്‍ നന്നായി പരിചരിക്കണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് വീഡിയോ പുറത്തു വന്നത്.
അഭിനന്ദിനെ പാകിസ്ഥാന്‍ പിടികൂടിയെന്ന റിപ്പോര്‍ട്ടുകള്‍ രാജ്യം സ്ഥിരീകരിക്കുകയും, അദ്ദേഹത്തെ സുരക്ഷിതമായി വിട്ടയക്കണമെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷണറോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.