ബി.ജെ.പി ആത്മപരിശോധന നടത്തണമെന്ന് ശിവസേന, 2019 ബി.ജെ.പി മുക്ത ഭാരതമായിരിക്കുമെന്ന് പ്രതിപക്ഷം
Election Results 2018
ബി.ജെ.പി ആത്മപരിശോധന നടത്തണമെന്ന് ശിവസേന, 2019 ബി.ജെ.പി മുക്ത ഭാരതമായിരിക്കുമെന്ന് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 6:24 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് ശിവസേന. എന്‍.ഡി.എ ആത്മ പരിശോധന നടത്താനുള്ള സമയമാണിതെന്നും ശിവസേന ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം അവരുടെ അഹങ്കാരമെന്ന് ഒരേ സ്വരത്തില്‍ പ്രതിപക്ഷ കക്ഷികള്‍.

“ഇതൊരു വ്യക്തമായ സന്ദേശമാണ്, ഞങ്ങള്‍ക്ക് സ്വയം വിചിന്തനം ചെയ്യാന്‍ സമയമായിരിക്കുന്നു”- പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവും രാജ്യസഭാ എം.പിയുമായ സാനയ് റൗട്ട് ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ജെ.പിയുടെ ഭരണത്തിലെ ജനങ്ങളുടെ അസംതൃപതിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയെന്നായിരുന്നു എ.എ.പിയുടെ പ്രതികരണം. “2019 ബി.ജെ.പി രഹിത ഭാരതം ആയിരിക്കും” മുതിര്‍ന്ന പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങ് പറഞ്ഞു.

അഞ്ചു ജില്ലകളിലും ബി.ജെ.പി ചിത്രത്തിലില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തെ “ജനാധിപത്യത്തിന്റേയും, അക്രമങ്ങള്‍ക്കും അനീതിക്കും സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കും, ഏജന്‍സികളുടെ ദുര്‍വിനിയോഗത്തിനും എതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണ്”- എന്നാണ് മമത വിലിയിരുത്തിയത്.

“ഉറപ്പു നല്‍കിയതു പോലെ അച്ഛാ ദിന് വന്നു” എന്നായിരുന്നു ഡി.എം.കെ നേതാവ് കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രതികരണം

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ബി.ജെ.പിയുടെ ദുര്‍വാശിയാണ് അവര്‍ക്ക് തിരിച്ചടിയായതെന്ന് ജനതാ ദള്‍(സെക്കുലര്‍) നേതാവ് എച്ച്.ഡി ദേവഗൗഡ. “ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജനങ്ങള്‍ ഇന്ത്യയെ അഹങ്കാര രഹിതമാക്കി”- ദേവഗൗഡ ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ പരാജയകാരണമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് പവാറും വിലയിരുത്തുന്നത് അവരുടെ അഹങ്കാരമാണ്, പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന വിരുദ്ധവും, കര്‍ഷക വിരുദ്ധവുമായ നയങ്ങളാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഹേതുവെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് വവാബ് മാലിക് പറഞ്ഞു. ബി.ജെ.പിക്കിത് 5-0ന്റെ പരാജയമാണ് മാലിക് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ മടുത്തതായും 2019ല്‍ സമാനമായ ട്രെന്റ് നിലനില്‍ക്കുമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണം, ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ഇത് അഹങ്കരിക്കാനുള്ള സമയമല്ല. ആശയപരമായി ഒരുമിക്കാനുള്ള സമയമാണ് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം വികസനത്തില്‍ നിന്നും ശ്രദ്ധമാറി രാമക്ഷേത്രത്തിലും, പ്രതിമകള്‍ നിര്‍മ്മിക്കുന്നതിലും നഗരങ്ങളുടെ പേരുമാറ്റുന്നതിനും പ്രാധാന്യം നല്‍കിയതാണ് തിരിച്ചടിക്കു കാരണമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി സഞ്ജയ് കകാഡെ പറഞ്ഞിരുന്നു.

രാജസ്ഥാനിലും ചത്തീസ്ഗഡിലും ഭരണം ഉറപ്പിച്ച കോണ്‍ഗ്രിസ് മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.എസ്.പിയുടെയും മറ്റു പാര്‍ട്ടികളുടെയും പിന്തുണയോടെ ഇവിടെയും കോണ്‍ഗ്രസ് തന്നെ ഭരണത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍.