മെയ് 23 വരെ പ്രതിപക്ഷം ദിവാസ്വപ്‌നം കാണട്ടെ; കേരളത്തിലടക്കം ബി.ജെ.പി സീറ്റ് നേടുമെന്നും രാം മാധവ്
ന്യൂദല്‍ഹി: മെയ് 23 വരെ പ്രതിപക്ഷം ദിവാസ്വപ്‌നം കാണട്ടെയെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പാളിപ്പോയതു പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടിയതിനെ പരിഹസിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.
ഇത്തരമൊരു സാഹചര്യം ഇന്ത്യയിലുണ്ടാവില്ലെന്നും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മെയ് 23 വരെ രാവും പകലുമിരുന്ന് പ്രതിപക്ഷത്തിനു സ്വപ്‌നം കാണാം. പക്ഷേ അന്നുച്ചയ്ക്ക് 12 മണിയോടെ അവരറിയും അവരുടെ സ്വപ്‌നം സത്യമായില്ലെന്ന്. ശരിയായ ഫലത്തിനുവേണ്ടി നമുക്കു കാത്തിരിക്കാം. എക്‌സിറ്റ് പോളുകള്‍ കാണിക്കുന്നതിനേക്കാള്‍ വലിയ വിജയമായിരിക്കും ബി.ജെ.പിയുടേതെന്ന് എനിക്കുറപ്പുണ്ട്.’- അദ്ദേഹം പറഞ്ഞു.
സ്ഥിരതയുള്ളതും വികസനോന്മുഖവുമായ ഒരു സര്‍ക്കാരിനെയാണു ജനങ്ങള്‍ക്കാവശ്യം. അതിനാല് കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ല. മഹാഗഡ്ബന്ധനാകട്ടെ, നല്ലൊരു സഖ്യമുണ്ടാക്കാന്‍ ഒരു സംസ്ഥാനത്തു പോലുമായില്ല. അവര്‍ പരമാവധി ശ്രമിച്ചെങ്കിലും അതു ഫലപ്രദമായില്ല. ഇനിയിപ്പോ തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ആദ്യം അവര്‍ പറഞ്ഞത് 21-നു പ്രതിപക്ഷയോഗം നടത്തുമെന്നാണ്. പിന്നീടവര്‍ പറഞ്ഞത് 22-നു നടത്തുമെന്നാണ്. ഇപ്പോള്‍ പറയുന്നത് ഫലം വന്നിട്ടാകാമെന്നാണ്. ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ഏതു നേതാവിനെക്കാളും വ്യത്യസ്തനും ജനകീയനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിലാണ് ഒരു നേതാവിന്റെ പ്രാവീണ്യം മനസ്സിലാകുക. അതിപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണെങ്കിലും ഇന്ദിരാ ഗാന്ധിയാണെങ്കിലും അടല്‍ ബിഹാരി വാജ്‌പേയിയാണെങ്കിലും. ഭാഗ്യത്തിന് മോദിയെപ്പോലൊരു നേതാവാണു ഞങ്ങള്‍ക്കുള്ളത്. മോദിതരംഗത്തിന് അനുകൂലമായ ഫലം വരുമെന്നു ഞങ്ങള്‍ക്കുറപ്പുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒഡിഷയില്‍ നിന്നും ബംഗാളില്‍ നിന്നും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുമാണ് ഇത്തവണത്തെ ഏറ്റവും വലിയ സംഭവമുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തുമെന്നും രാം മാധവ് പറഞ്ഞു. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും കര്‍ണാടകത്തില്‍ ഇരുപതിലധികം സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞതവണ കര്‍ണാടകത്തില്‍ എന്‍.ഡി.എക്കുണ്ടായിരുന്നത് 17 സീറ്റാണ്.