Kerala News
'കേരളം കൊള്ളയടിച്ച് പി.വി ആന്റ് കമ്പനി'; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള എസ്.എഫ്.ഐ.ഒ അനേഷണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭ വിട്ടിറങ്ങി പ്രതിപക്ഷം.
കോടതിയുടെ കീഴിലുള്ള വിഷയം അവതരിപ്പിക്കാന്‍ ചട്ടപ്രകാരം അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചു. എന്നാല്‍ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നോട്ടീസിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോടതി വാദം കേട്ടുകൊണ്ടിരുന്ന വിഷയമായിരുന്നിട്ടും സോളാര്‍ ആരോപണങ്ങളില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ‘കേരളം കൊള്ളയടിച്ച് പി.വി ആന്റ് കമ്പനി’ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തികൊണ്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ സഭയുടെ ഉള്‍വശത്തായി പ്രതിഷേധം നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഔദ്യോഗികമായ അന്വേഷണ വിഭാഗങ്ങള്‍ നിലവില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എക്‌സലോജിക് വ്യാപകമായ ക്രമക്കേടുകള്‍ നടത്തിയതായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
കമ്പനി അവകാശപ്പെടുന്ന സേവനങ്ങള്‍ നല്‍കാതെ തന്നെ വീണ വിജയന്റെ അക്കൗണ്ടിലേക്ക് വലിയ ഒരു തുക എത്തിയതിന്റെ അടിസ്ഥാനം എന്താണെന്നു പ്രതിപക്ഷ നേതാവ് ചോദ്യമുയര്‍ത്തി. കുടുംബത്തിലൊരാള്‍ ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ ആ പദവിയെ ദുരുപയോഗം ചെയ്ത് ക്രമക്കേടുകള്‍ നടത്തുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
ഗുരുത ആരോപണങ്ങള്‍ നേരിടുമ്പോഴും മുഖ്യമന്ത്രി ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്ന് വെള്ളിയാഴ്ച സഭയില്‍ എത്താതിരുന്ന പിണറായി വിജയന്റെ നീക്കത്തെ ഉദ്ധരിച്ചുകൊണ്ട് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. സഭാ നടപടികളില്‍ തടസം സൃഷ്ടിച്ചത് ഭരണകക്ഷികളാണെന്നും വി.ഡി. ആരോപിച്ചു. അടിയന്തര പ്രമേയം തടയാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് പ്രകോപിതരാവുക എന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കുറച്ച് ദിവസങ്ങളായി രണ്ട് കൈകളും പൊക്കിപ്പിടിച്ച് തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രഭാഷണം നടത്തുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഈ അഴിമതിയില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
Content Highlight: Opposition boycotts Assembly for denying permission for urgent motion on SFIO petition against Exalogic