ന്യൂദല്‍ഹി: ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ ജയിലിലിടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. പരാമര്‍ശത്തിന് പിന്നാലെ മോദിയുടെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലായെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യാ സഖ്യം വോട്ട് ബാങ്കിനായി മുജ്റ നൃത്തം ചെയ്യുകയാണെന്ന മോദിയുടെ പരാമര്‍ശത്തെയും പ്രതിപക്ഷം വിമര്‍ശിച്ചു.
ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണ് തേജസ്വി യാദവിനെ ജയിലിലിടുമെന്ന് മോദി പരോക്ഷമായി പറഞ്ഞത്. ജോലി നല്‍കാന്‍ വേണ്ടി പാവപ്പെട്ടവരുടെ ഭൂമി കൊള്ളയടിച്ചവരുടെ നാളുകള്‍ എണ്ണപ്പെട്ടെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഹെലികോപ്പ്റ്ററിലുള്ള കറക്കം കഴിഞ്ഞാല്‍ അവര്‍ക്ക് ജയിലിലേക്കുള്ള വഴി അന്തിമമാക്കുമെന്നും മോദി പറഞ്ഞു.
ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് മോദി ബീഹാറിലേക്ക് വരുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും മോദി തകര്‍ത്തുവെന്നും തേജസ്വി പറഞ്ഞു.
തേജസ്വിയെ ജയിലിലിടുമെന്ന് മോദിക്കെങ്ങനെ പറയാന്‍ കഴിയുമെന്ന് രാജ്യസഭാംഗം കപില്‍ സിബല്‍ ചോദിച്ചു. രാജ്യത്ത് നിയമപ്രക്രിയയുണ്ടെന്നും തന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ കുറ്റസമ്മതമാണ് മോദിയുടെ പ്രസംഗമെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുജ്റ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു വാക്ക് ഉപയോഗിക്കാന്‍ കഴിയുന്നതെന്ന് മോദിക്കയച്ച കത്തില്‍ തേജസ്വി യാദവ് ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മോദിയുടെ മുജ്റ പരാമര്‍ശത്തില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുജ്‌റ പരാമര്‍ശം ബീഹാറിന് തന്നെ അപമാനമെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. പ്രധാനമന്ത്രി പദവിയുടെ മാന്യത നിലനിര്‍ത്തേണ്ടത് മോദിയുടെ ഉത്തരവാദിത്തമല്ലേ എന്ന് ചോദ്യമുയര്‍ത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
മുജ്‌റ നൃത്തരൂപം മുഗള്‍ ഭരണകാലത്ത് രൂപംകൊണ്ട ഒന്നാണെന്നാണ് പറയപ്പെടുന്നത്. സ്ത്രീകളാണ് ഈ നൃത്തം കൂടുതലായും അവതരിപ്പിക്കുന്നത്.
Content Highlight: Opposition and Tejashwi Yadav criticized Modi