|

പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ'യുടെ നിര്‍ണായക യോഗം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) ചൊവ്വാഴ്ച യോഗം ചേരും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം ചേരുക.

പാര്‍ലമെന്റില്‍ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി തുടങ്ങിയ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ത്യയുടെ ഭാഗമായിട്ടുള്ളത്.

26 പാര്‍ട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യം അടുത്ത യോഗത്തില്‍ ചര്‍ച്ചയാകും.

അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയില്‍ വെച്ചാണ് നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചിരുന്നു.

ജനാധിപത്യം സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞിരുന്നു. 2024 തെരഞ്ഞെടുപ്പിനെ മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

‘ഇന്ത്യ’ സഖ്യത്തെ ജയിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ രണ്ട് ദിവസം ബെംഗളുരുവില്‍ നടന്ന സംയുക്ത പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights: opposition alliance INDIA will gather a meeting today in delhi