| Monday, 19th August 2024, 7:48 am

'ആര്‍.എസ്.എസിന് നുഴഞ്ഞുകയറാനായുള്ള അവസരം'; കേന്ദ്ര മന്ത്രാലയങ്ങളിലേക്കുള്ള കരാര്‍ റിക്രൂട്ട്‌മെന്റിനെതിരെ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രാലയങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് നടത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം.

24 കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ എന്നിങ്ങനെ 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യമേഖലയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ജോലികളിലെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കളാണ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി സംവരണത്തിനെതിരായ ഇരട്ട ആക്രമണമാണെന്ന് ഖാര്‍ഗെ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനമനുസരിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ലിയു.എസ് എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് സംവരണം ഉണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ മോദി സര്‍ക്കാര്‍ ബോധപൂര്‍വം ചെയ്യുന്നതാണ് ഇതെല്ലാമെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

ഇത്തരത്തിലുള്ള അട്ടിമറികള്‍ ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് ആവശ്യപ്പെടുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഖാര്‍ഗെയ്ക്ക് പുറമെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആര്‍.ജെ.ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും കേന്ദ്രത്തിനെതിരെ രംഗത്തെത്തി.

ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ദേശവിരുദ്ധ നടപടിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യന്‍ ഭരണഘടനയെയും സാമൂഹിക നീതിയെയും വ്രണപ്പെടുത്തുന്ന ഈ ദേശവിരുദ്ധ നീക്കത്തെ ഇന്ത്യാ മുന്നണി ശക്തമായി എതിര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഭരണഘടനയെ അട്ടിമറിച്ച് കൊണ്ട് ഉദ്യോഗസ്ഥവൃന്ദത്തിലേക്ക് ആര്‍.എസ്.എസ് നേതാക്കള്‍ക്ക് നുഴഞ്ഞുകയറാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രമെന്ന് സീതാറാം യെച്ചൂരി വിമര്‍ശനം ഉന്നയിച്ചു.

അബേദ്കര്‍ എഴുതിയ ഭരണഘടനയെയും സംവരണത്തെയും അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് തേജസ്വിയും പ്രതികരിച്ചു. യു.പി.എസ്.സി പരീക്ഷയിലൂടെ 45 ഐ.എ.എസ് ഉദ്യോഗസ്ഥരെ ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കുകയാണെങ്കില്‍, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സംവരണം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതരാകും. ഇതിനെ തടയാനാണ് കേന്ദ്ര സര്‍ക്കാരും മോദിയും ശ്രമിക്കുന്നതെന്നാണ് ആര്‍.ജെ.ഡി നേതാവ് പറഞ്ഞത്.

ശനിയാഴ്ചയാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ റിക്രൂട്ട്മെന്റ് പ്രഖ്യാപനം നടത്തിയത്. പിന്നാലെ കേന്ദ്ര ബോഡിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Content Highlight: Opposition against contract recruitment to central ministries

We use cookies to give you the best possible experience. Learn more