തിരുവനന്തപുരം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. വായ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെ.എം. ഷാജി പറഞ്ഞു. പേരാമ്പ്ര ചാലിക്കരയില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി.
ആര്‍.എസ്.എസ് പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് വിജയരാഘവന്‍ പറയുന്നതെന്നും കെ.എം ഷാജി പറഞ്ഞു. വിജയരാഘവന്‍ അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ വിജയിപ്പിച്ചത് ഈ രാജ്യത്തെ വര്‍ഗീയവാദികളാണെന്ന് പറയുന്നുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷത്തിന്റെ പേര് പറയുന്ന വര്‍ഗീയവാദികളാണ് ഇരുനേതാക്കളെയും വിജയിപ്പിച്ചത്, സൂക്ഷിക്കണമെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. എന്ത് തെമ്മാടിത്തരമാണ് ഇത്. നിങ്ങള്‍ക്ക് മുസ്‌ലിം ലീഗാണ് പ്രശ്‌നമെന്നും കെ.എം. ഷാജി പറഞ്ഞു.
ലീഗിനെ എങ്ങനെ നന്നാക്കിയെടുക്കാം എന്ന അഗാധമായ ചിന്തയിലാണ് പിണറായിയും കൂട്ടരുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ജയവും തോല്‍വിയുമല്ല, നിങ്ങളുടെയെല്ലാം രാഷ്ട്രീയ ജീവിതത്തില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തിരിച്ചടി തങ്ങള്‍ നല്‍കുമെന്നും ഷാജി പറഞ്ഞു.
വിജയരാഘവന്‍ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും തങ്ങളുടെ കൊക്കിന് ജീവനുണ്ടെങ്കില്‍ അതിന് മറുപടി നല്‍കുമെന്നും ഷാജി സംസാരിച്ചു.
സംഘപരിവാറിന്റെ അജണ്ട സി.പി.ഐ.എം കേരളത്തില്‍ നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. വിജയരാഘവന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ചൂണ്ടിക്കാട്ടി.
വിജയരാഘവനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് വിമര്‍ശിച്ചു. സംഘപരിവാര്‍ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്‍ പറയുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വര്‍ഗീയതയെ കൂട്ടുപിടിച്ചാണ് ജയിച്ചതെന്ന വിജയരാഘവന്റെ പരാമര്‍ശത്തിലാണ് വിമര്‍ശനം. സി.പി.ഐ.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ബത്തേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു പരാമര്‍ശം.
വിജയരാഘവന്റെ പ്രസംഗത്തിന് പിന്നാലെ, എല്‍.ഡി.എഫും യു.ഡി.എഫും ഒരേപോലെയാണെന്ന് മനസിലായെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.
Content Highlight: Opposition against A. Vijayaraghavan