തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ പ്രതിരോധത്തിന് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും കൂടികാഴ്ച നടത്തുകയും ചെയ്തു.
ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു. അതേസമയം എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും നിലവിലെ അവസ്ഥ സ്റ്റേബിള്‍ ആണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയോട് ഇപ്പോള്‍ കാര്യങ്ങള്‍ ചോദിച്ച് അസ്വസ്ഥനാക്കാന്‍ പറ്റില്ല. അദ്ദേഹത്തിന് മെന്റല്‍ സ്റ്റെബിലിറ്റി കൂടി വേണം. അതുകൊണ്ട് തന്നെ പ്രത്യേക സംഘം എത്തി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കും.
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാണ്. എയിംസില്‍ നിന്നുള്ള ആറംഗ വിദഗ്ധ സംഘം എറണാകുളത്തുണ്ട്. മരുന്നുകള്‍ ഇവിടെ സ്റ്റോക്കുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമല്ല നിലവില്‍ ഉള്ളത്. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്നും മന്ത്രി വ്യക്തമാക്കി.